സാമൂഹിക അസമത്വങ്ങള്‍ക്കു നീതിയുടെ കടിഞ്ഞാണിടാന്‍ ഡബ്ലിനില്‍ പുതിയ കോടതി വരുന്നു

ഡബ്ലിന്‍: സമൂഹത്തിനു നാശം വിതയ്ക്കുന്ന തരത്തില്‍ അരങ്ങേറുന്ന പ്രവര്‍ത്തികളെ നിയന്ത്രിക്കുവാനും സര്‍വ്വനാശം വിതയ്ക്കുന്ന വിപത്തുകളില്‍ നിന്നും രക്ഷ നേടുവാനും ഡബ്ലിനില്‍ നീതിയുടേയും ന്യായത്തിന്റേയും ഉരുക്കുകോട്ടയായി സാമൂഹിക കോടതി വരുന്നു. ഡബ്ലിന്‍ നഗരത്തില്‍ ഉയരാന്‍ പോകുന്ന കോടതിക്കായി പദ്ധതി രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

ഓറിയാക്ടിക്‌സ് ജസ്റ്റിസ് കമ്മിറ്റിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് പുതിയ കമ്മ്യൂണിറ്റി കോടതി നിലവില്‍ വരുന്നത്. വേനല്‍ക്കാലത്തിനു ശേഷം പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മിറ്റി അറിയിച്ചു. ന്യൂയോര്‍ക്കില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന മിഡ്ടൗണ്‍ കമ്മ്യൂണിറ്റി കോടതിയെ മാതൃകയാക്കിയാണ് ഡബ്ലിന്‍ മണ്ണില്‍ കോടതി പ്രവര്‍ത്തിക്കുക. സമൂഹതത്വങ്ങള്‍ക്കു എതിരായ പൊതുപെരുമാറ്റവും പെറ്റി കേസുകളും ചുവരെഴുത്തുകളുമടങ്ങുന്ന നിയമലംഘനങ്ങള്‍ക്കെതിരെ വിജയകരമായ തരത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് മിഡ്ടൗണ്‍ കമ്മ്യൂണിറ്റി കോടതി. അതിനാല്‍ തന്നെ ന്യൂയോര്‍ക്കില്‍ തടവു ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്ക് സാമൂഹിക സുരക്ഷയ്ക്കു മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തികളാണ് ശിക്ഷയായി വിധിക്കുന്നത്. മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാനും സംരക്ഷിക്കുവാനും ചുവരെഴുത്തുകള്‍ വൃത്തിയാക്കാനും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാനും നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇതുവഴി നിയമം ലംഘിച്ചവരില്‍ നിന്നു തന്നെ സമൂഹനന്മയുടെ പാഠങ്ങളാണ് മറ്റുള്ളവര്‍ക്കും പകര്‍ന്നു കിട്ടുന്നത്.

മിഡ്ടൗണ്‍ കമ്മ്യൂണിറ്റി കോടതിക്കു സമാനമായ തരത്തില്‍ 30 ലധികം യുഎസ് നഗരങ്ങളിലും അതുപോലെതന്നെ കാനഡ യുകെ എന്നിവടങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തില്‍ അരങ്ങേറുന്ന ചെറിയകുറ്റകൃത്യങ്ങളെ ദ്രുതഗതിയില്‍ നിയന്ത്രിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്മ്യൂണിറ്റി കോടതികള്‍ സാമൂഹിക പ്രതിബദ്ധത എന്ന ആശയവും സാധാരണക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. പെരുമാറ്റദൂഷ്യവും സാമൂഹികവിരുദ്ധ പ്രവര്‍ത്തികളും പോലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ക്കു കൂച്ചു വിലങ്ങിടാനായി പ്രവര്‍ത്തിക്കുന്ന കോടതികള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ വലിപ്പം കണക്കിലെടുത്ത് പ്രതികള്‍ക്ക് തടവു ശിക്ഷയും വിധിക്കാറുണ്ട്.

ഇത്തരമൊരു കോടതി ഡബ്ലിനില്‍ വരുന്നതോടെ നഗരത്തില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നാണ് വിശ്വസിക്കുന്നതെന്നും അതിനായി വരുന്ന മാസങ്ങളിലായി മന്ത്രിമാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്താനായി കാത്തിരിക്കുകയാണെന്നും ഓറിയാക്ടിക്‌സ് ജസ്റ്റിസ് കമ്മിറ്റി ചെയര്‍മാന്‍ ഡേവിഡ് സ്റ്റാന്‍ഡണ്‍ പറഞ്ഞു.

എഎസ്

Share this news

Leave a Reply

%d bloggers like this: