ഐറിഷ് മുസ്ലീമുകള്‍ക്കിടയില്‍ തീവ്രവാദത്തെ അനുകൂലിക്കുന്നവരുണ്ടെന്നും ഇതിനെതിരെ രംഗത്ത് വരണമെന്നും മുസ്ലീം നേതാവ്

ഡബ്ലിന്‍: ഐറിഷ് മുസ്ലീമുകള്‍ക്കിടയില്‍ ചെറുതെങ്കിലും തീവ്രവാദ ചിന്താഗതിയിലുള്ളവര്‍ ഉണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ മുസ്ലീം നേതാവ്. ഡബ്ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഡോ. ഉമര്‍ അല്‍ ഖാദ്രിയാണ് ഇക്കാര്യം പറഞ്ഞത്. മുസ്ലീം മത നേതാക്കളോട് തീവ്രവാദ വത്കരണത്തിനെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. “Not in Our Name” എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. ഐറിഷ് മുസ്ലീം പീസ് ആന്‍റ് ഇന്‍റഗ്രേഷന്‍ കൗണ്‍സില്‍ ആയിരുന്നു പ്രതിഷേധപരിപാടിക്ക് പിന്നില്‍. മഴയിലും ഓ കോണല്‍ സ്ട്രീറ്റില്‍ ഇവര്‍ പ്രതിഷേധവുമായി ഒത്ത് കൂടി. അയര്‍ലന്‍ഡില്‍ ഇത്തരം ഒരു പ്രതിഷേധ പരിപാടി ആദ്യമായാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലീം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഡോ. അല്‍ ഖാദ്രി പ്രതിഷേധപരിപാടിയില്‍ ഐറിഷ് മുസ്ലീം ഡിക്ലറേഷന്‍ ഓഫ് പീസ് ആന്‍റ് ഗൈഡ് ടു പ്രിവന്‍റ് റാഡിക്കലൈസേഷന്‍ എന്ന രേഖയും പുറത്ത് വിട്ടു. ഐഎംപിഐസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അല്‍ ഖാദ്രി. അമ്പതിനായിരം മുസ്ലീം വിശ്വാസികളില്‍ നൂറ് പേരോളം ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്നവരാണെങ്കില്‍ അത് വലിയ പ്രശ്നമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുസ്ലീമുകളായവര്‍ മൗനം പാലിക്കരുതെന്നും ആവശ്യപ്പെട്ടു.

ശനിയാഴ്ച്ച സംഘടനയിലെ അംഗങ്ങള്‍ക്ക്  നേരിടേണ്ടി വന്ന അനുഭവവും പങ്ക് വെച്ചു. പള്ളിയില്‍ വെച്ച് ഒരു ഗ്രൂപ്പ് സംഘടനാ പ്രവര്‍ത്തകര്‍ പരിപാടിയുടെ നോട്ടീസ് നല്‍കുന്നതിനിടെ ഒരാള്‍ക്ക് ശാരീരികമായി മര്‍ദനമേല്‍ക്കേണ്ടി വരികയായിരുന്നു. മൂന്ന് പേരാണ് ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആളുകളാണെന്നും പ്രതിഷേധം ഇവര്‍ക്കെതിരെ ആണെന്നും പറഞ്ഞായിരുന്നു ആക്രമിച്ചത്. ഇത് വ്യക്തമാക്കുന്നത് ചെറിയ ശതമാനം ,നൂറില്‍ താഴെ മാത്രം പേര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്നുണ്ടെന്നാണ്. മുസ്ലീം വിശ്വാസികള്‍ ഇവരെ അപലപിക്കണം ഇക്കാര്യത്തില്‍ നിശബ്ദത പാടില്ല. കാരണം ഇവര്‍ അണുബാധപോലെയോ ക്യാന്‍സര്‍പോലെയോ ആണ്-ഖാദ്രി പറഞ്ഞു.

ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നാല്‍ പള്ളിയിലേക്ക് കൂടി ഇത് വ്യാപിക്കും യുവാക്കളിലേയ്ക്ക് കൂടി തീവ്രവാദം കടത്തിവിടും. മുസ്ലീം യുവത്വത്തിനിടയില്‍ തീവ്രവാദത്തിന്‍റെ ക്യാന്‍സര്‍ പടരുകയാകും ചെയ്യുക. അത്കൊണ്ട് തന്നെ ഐറിഷ് മുസ്ലീമുകള്‍ക്കിടയില്‍ തീവ്രവാദം ചെറുക്കാന്‍ ഒരു പദ്ധതിയുണ്ടാകണം. വന്‍ തോതിലുള്ള തീവ്രവാദ വ്യാപനത്തിനുള്ള സാധ്യത അയര്‍ലന്‍ഡില്‍ കുറവാണെങ്കില്‍ കൂടി ഒരു നയം രൂപീകരിക്കേണ്ടതുണ്ട്. യുകെയിലെ സമുദായത്തില്‍ നിന്ന് വ്യത്യസ്തമാണ് അയര്‍ലന്‍ഡിലെ സമുദായം. മുസ്ലീംസമുദായം തീവ്രവാദത്തിന് എതിരായി നിലപാടെടുക്കുകയും ഇതിനായി നയം രൂപീകരിക്കുകയും ചെയ്തില്ലെങ്കില്‍ യുകെയിലേത് പോലെ സമുദായം മാറുമെന്നും ഖാദ്രി പറയുന്നു. പ്രതിഷേധം സംഘടിപ്പിക്കാനുള്ള കാരണം ഇത്തരത്തിലൊന്നാണെന്നും കൂട്ടിചേര്‍ത്തു. പള്ളികളും ഇസ്ലാമിക് സെന്‍ററുകളും തീവ്രവാദത്തില്‍ നിശബ്ദത തുടരുന്നതാണ് അയര്‍ലന്‍ഡില്‍ ചെറിയോതോതിലെങ്കിലും തീവ്രവാദത്തിന് വഴിവെയ്ക്കുന്നത്. വിശ്വാസത്തെ തീവ്രവാദത്തിനനുകൂലമായി വ്യഖ്യാനിക്കുന്നത് അവസാനിപ്പിക്കുന്നതിന് നടപടികളുണ്ടായില്ലെങ്കില്‍ മുസ്ലീം കുട്ടികള്‍ക്ക് നേരെ ഇസ്ലാമോഫോബിയമൂലമുള്ള ആക്രമണങ്ങള്‍ ഫ്രാന്‍സിലും ബെല്‍ജിയത്തിലും മറ്റും ഉണ്ടാകുന്നത് പോലെ ഇവിടെയും നടക്കുമെന്ന് ഭയപ്പെടേണ്ട സാഹചര്യം ഉടലെടുക്കും. താനിതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും സൗഹാര്‍ദപരമായ നിലപാടുള്ളവരാണ് ഐറിഷ് ജനത. ഈ സഹാചര്യത്തില്‍ അവരെട സൗഹൃദത്തില്‍ തന്നെ തുടരാന്‍ ആവശ്യമായത് ചെയ്യേണ്ടത് മുസ്ലീമുകളുടെ കടമയാണ്. അത് കൊണ്ട് തന്നെ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഖാദ്രി വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: