ഭിക്ഷാടകരും പരസ്യത്തിന്…സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഭിക്ഷാടകര്‍ പാടും

ന്യൂഡല്‍ഹി: സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത്, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങിയ ക്യാംപെയ്‌നുകള്‍ക്ക് രാജ്യത്തെ ‘ഭീക്ഷാടകരെയും’ ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ലോക്കല്‍ ട്രെയിനുകളിലുംമറ്റും പാട്ടുപാടി അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് ഭിക്ഷാടകര്‍ ഡല്‍ഹിയില്‍ മാത്രമുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇത്തരക്കാര്‍ ഉപയോഗിക്കുന്ന പാട്ടുകളില്‍ സര്‍ക്കാര്‍ ക്യംപെയ്‌നുകള്‍ക്കുവേണ്ടി നിര്‍മിച്ച പാട്ടുകളും ഉപയോഗപ്പെടുത്തി പ്രചരണം നടത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

എക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കം ഡല്‍ഹിയിലുള്ള 3000 ഭിക്ഷാടകര്‍ക്ക് പരിശീലനം നല്‍കി പദ്ധതിക്ക് തുടക്കമിടാനാണ് സര്‍ക്കാര്‍നീക്കമെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഭിക്ഷാടകര്‍ക്കായി ഗാനമൊരുക്കുന്നത് ഓള്‍ ഇന്ത്യ റേഡിയോയും സംഗീത, നാടക വിഭാഗവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പദ്ധതിയുടെ പ്രാരംഭ നടപടിയെന്ന നിലയില്‍ മുംബൈ സബര്‍ബന്‍ സര്‍വീസില്‍ പരിശീലനം നേടിയ ഭിക്ഷാടകര്‍ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന ഗാനങ്ങളാലപിച്ചു. ഉടന്‍തന്നെ പദ്ധതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Share this news

Leave a Reply

%d bloggers like this: