അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ തടയണം എന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. താലിബാന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി.

അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും താല്‍ക്കാലികമാണെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അശ്ലീല വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്നതിനു ദീര്‍ഘകാല സംവിധാനം കൊണ്ടുവരും. പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയോ ഓംബുഡ്‌സ്മാനെ നിയോഗിച്ചോ അശ്ലീല വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം തടയാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ വഴി ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അശ്ലീലസൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല. അശ്ലീല സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ കോടതി കേസ് ഈ മാസം 10നു വീണ്ടും പരിഗണിക്കും.

Share this news

Leave a Reply

%d bloggers like this: