തിരക്കുള്ള സമയങ്ങളിലെ വാഹന പരിശോധന ഒഴിവാക്കും,വാഹന പരിശോധനയ്ക്കിടെ രണ്ടുപേര്‍ മരിച്ച സംഭവം വേദനാജനകമെന്ന് ആഭ്യന്തര മന്ത്രി

 
തിരുവനന്തപുരം: തിരക്കുള്ള സമയങ്ങളിലെ വാഹന പരിശോധന ഓഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തൃശൂരിലെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. വാഹന പരിശോധനയില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ രണ്ടുപേര്‍ മരിച്ച സംഭവം വേദനാ ജനകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നു രാവിലെയാണ് ദേശീയപാത 47ല്‍ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചത്. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പഴയന്നൂര്‍ കുമ്പളക്കോട് നാലുപുരത്തില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ സഫിയയും (36) മകള്‍ ഫാത്തിമയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പൊലിസിന്റെ വാഹന പരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു.

അപകട മേഖലയായ ഭാഗത്താണ് ഹൈവെ പൊലീസ് വാഹന പരിശോധന നടത്തിയതെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ ഹൈവെ പൊലീസ് സ്ഥലം വിട്ടതും വിവാദമായിരുന്നു. ഇതിനത്തെുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുകയും ഹൈവെ പൊലിസ് എസ്.ഐ പങ്കജാക്ഷനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.
-എജെ-

Share this news

Leave a Reply

%d bloggers like this: