ഡോ. എപിജെ അബ്ദുള്‍ കലാമിന്‍റെ പേര്ഐക്യരാഷ്ട്ര സഭയുടെ ഉപഗ്രഹത്തിന് നല്‍കിയേക്കും

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് ലോകത്തിന്റെ ആദരം. കലാമിന്റെ പേര് ഭൂമിയെ നിരീക്ഷിക്കുന്നതിനും പ്രകൃതി ക്ഷോഭങ്ങളുടെ ദൈര്‍ഘ്യം മുന്‍കൂട്ടിയറിയുന്നതിനും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍സാറ്റ് ഫോര്‍ ഡിആര്‍ആര്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ഉപഗ്രഹത്തിന് നല്‍കാനാണ് ആലോചന. സി.എ.എന്‍.ഇ.യു.എസ് ചെയര്‍മാന്‍ മിലിന്‍ഡ് പിംപ്രിക്കറാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ഇന്ത്യയുടെ മിസൈല്‍ മാന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയായാണ് ബഹിരാകാശ പേടകത്തിന് കലാമിന്റെ പേരുനല്‍കുന്നതിനെ ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.

ഗ്ലോബല്‍ സാറ്റ് ഫോര്‍ ഡിആര്‍ആര്‍ന്റെ പേര് ‘യു.എന്‍ കലാം ഗ്ലോബല്‍സാറ്റ്’ എന്നാവും മാറ്റുക. ലോക രാജ്യങ്ങള്‍ക്കായി യു.എന്നിന്റെ നിയന്ത്രണത്തിലാവും യു.എന്‍ കലാം ഗ്ലോബല്‍സാറ്റിന്റെ പ്രവര്‍ത്തനം. ഉപഗ്രഹത്തിന് കലാമിന്റെ പേര് നല്‍കുകവഴി വരും തലമുറയിലെ ഗവേഷകര്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും പിംപ്രിക്കര്‍ വ്യക്തമാക്കി. 2016ലെ യു.എന്‍ ഇന്ത്യാ വര്‍ക്ക്‌ഷോപ്പില്‍ ഉപഗ്രഹവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിനും സ്വന്തമായി ഇത്തരമൊരു ഉപഗ്രഹം നിര്‍മിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഭൂമിക്ക് പൂര്‍ണമായും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി കാണുന്നതിനും ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നതാണ് ഇതിന് കാരണം.

Share this news

Leave a Reply

%d bloggers like this: