ദുരന്തത്തില്‍ വിറങ്ങലിച്ച് അയര്‍ലന്‍ഡിലെ മലയാളി സമൂഹം

 

തുള്ളാമോര്‍: ഐറിഷ് മലയാളി അഡ്വ. ജോളി കെ. മാണിയുടെ മരണവാര്‍ത്ത അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ്. പിതാവിന്റെ ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ കുടംബസമേതം നാട്ടിലെത്തിയ ജോളിയ്ക്ക് വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെന്ന സന്ദേശം അയര്‍ലന്‍ഡിലെത്തിയപ്പോള്‍ മുതല്‍ മലയാളികളൊന്നടക്കം അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. തുള്ളാമോറിലെ ജോളിയുടെ വീട്ടിലും മലയാളി കുടുംബങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥനകളാരംഭിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി അദ്ദേഹം യാത്രയായി. തുടര്‍ന്ന് പോര്‍ട്ട്‌ലീഷിലെ ഫാ ജോര്‍ജ് അഗസ്റ്റിയന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ഒപ്പീസും നടത്തി. തിങ്കളാഴ്ച 12 മണിക്ക് ജോളിയെ അനുസ്മരിച്ച് ബലിയിര്‍പ്പിക്കാനും തീരുമാനിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ജോളിയുടെ നിത്യശാന്തിക്കായി തുള്ളാമോറില്‍ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.

ജൂലായ് 23 ന് നാട്ടിലെത്തിയ ജോളി ഓണാഘോഷം തുള്ളാമോറിലെ മലയാളി സമൂഹത്തോടൊപ്പം ആഘോഷിക്കാന്‍ ആഗസ്റ്റ് 18 ന് തിരിച്ചുപോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ തുള്ളാമോറില്‍ ഒരു കുടുംബമായി താമസിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരിച്ചെത്താല്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. ഒരു കുടുംബം പോലെ കഴിയുന്ന അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെയും തുള്ളാമോറിനെയും ജോളിയുടെ വിയോഗം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഇന്നലെ (വെള്ളി) വൈകിട്ട് മൂന്നുമണിയോടെ പാലാ മൂലമറ്റം സെന്റ് ജോസഫ് കോളജിനടുത്തുള്ള ലെയ്ക്ക് വുഡ് ഹോട്ടലിനു സമീപത്തുവെച്ചാണ് ജോളി സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോളിയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വൈകിട്ട് ആറര മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പോസ്റ്റമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കല്ലാര്‍ക്കുട്ടിയിലെ വീട്ടിലേക്ക് കൊണ്ട് പോവാനായിരുന്നു ബന്ധുക്കളുടെ തീരുമാനം സംസ്‌കാരം നാളെ (ഞായര്‍) ഉച്ചയ്ക്ക് രണ്ട് മണിക്ക് കല്ലാര്‍ക്കുട്ടിയിലെ സെന്റ് ജോസഫ് പള്ളിയില്‍ നടത്തപ്പെടും.തുള്ളാമോറില്‍ നിന്നും നാട്ടിലെത്തിയ നാലു മലയാളി കുടുംബങ്ങള്‍ അപകടവാര്‍ത്തയറിഞ്ഞ് ജോളിയുടെ വീട്ടിലും ഹോസ്പിറ്റലിലും എത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: