അബോര്‍ഷനില്‍ തളരാതിരിക്കാന്‍

അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. ദമ്പതിമാരെ മാനസികമായി തളര്‍ത്തുന്ന അബോര്‍ഷന്റെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും.

നീണ്ട കാത്തിരിപ്പിന്റെ ഫലമാകും അബോര്‍ഷന്‍ എന്ന ഒറ്റ വാക്കില്‍ തകര്‍ന്നു വീഴുന്നത്. അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങള്‍പോലുമുണ്ട്. സാധാരണയായി ഗര്‍ഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ അലസിപ്പോകുന്നതിനെയാണ് അബോര്‍ഷന്‍ എന്നു പറയുന്നത്. ജനിതക വൈകല്യമാണ് അബോര്‍ഷന് ഒരു പ്രധാന കാരണം. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷനു സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു.

പ്രായം പ്രധാന ഘടകം

അമ്മയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടും ഗര്‍ഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ടും അബോര്‍ഷന്‍ സംഭവിക്കാം. ഇതില്‍ ഗര്‍ഭസ്ഥശിശുവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ജനിതക പ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍, മുന്തിരിക്കുല ഗര്‍ഭം, ഇരട്ട ഗര്‍ഭം എന്നിവ. അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, തൈറോയിഡ് പ്രശ്‌നങ്ങള്‍, പ്രമേഹം, പ്രഷര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, വളരെക്കാലം നീണ്ടു നില്‍ക്കുന്ന മറ്റ് അസുഖങ്ങള്‍,അമ്മയുടെ രോഗപ്രതിരോധശേഷി കുറയുക എന്നിവ ഗര്‍ഭം അലസിപ്പോകാനുള്ള കാരണങ്ങളാണ്. കൂടാതെ അമ്മയുടെ പ്രായം അബോര്‍ഷനില്‍ ഒരു പ്രധാന ഘടകമാണ്. ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിലാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം. അമ്മയുടെ പ്രായം കൂടുന്നതനുസരിച്ച് കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. അതുകൊണ്ട് തന്നെ മുപ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

വിവിധ പരിശോധനകള്‍ വഴി ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ റേഡിയേഷനു വിധേയരായവര്‍ക്കും പുകവലിയും മദ്യപാനവും പോലുള്ള ലഹരി ഉപയോഗിക്കുന്ന സ്ത്രീകളിലും അബോര്‍ഷന്‍ സാധ്യത കൂടുതലാണ്.
അമ്മയുടെ ഗര്‍ഭാശയ മുഖത്തിന് ഗര്‍ഭം താങ്ങിനിര്‍ത്താനുള്ള ശേഷി ഇല്ലാതിരിക്കുക, ഗര്‍ഭപാത്രത്തിലെ മുഴകള്‍, ഗര്‍ഭപാത്രത്തിന്റെ ഘടനയിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളും അബോര്‍ഷനു പിന്നില്‍ കാണാം.

ആദ്യ മാസങ്ങളിലെ രക്തസ്രാവം

ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ രക്തസ്രാവം ഉണ്ടായാല്‍ എത്രയും വേഗം വൈദ്യസഹായം നേടണം. അബോര്‍ഷന്‍ മൂലമാകാം ഈ രക്തസ്രാവം. അല്ലെങ്കില്‍ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ യഥാ സമയം കഴിക്കുകയും വേണം. വിശ്രമം നിര്‍ദേശിച്ചാല്‍ അത് പാലിക്കണം. കാരണം, ആദ്യമാസങ്ങളിലെ രക്തസ്രാവം തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, മറുപിള്ള വിട്ടു പോരുക, മാസംതികയാതെ പ്രസവിക്കുക എന്നിവയ്ക്കുള്ള സാധ്യതകൂടുതലാണ്. ഗര്‍ഭം അലസിയെങ്കിലും ഗര്‍ഭത്തിന്റെ കുറച്ചു ഭാഗം ഗര്‍ഭപാത്രത്തില്‍ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇന്‍കംപ്ലീറ്റ് അബോര്‍ഷന്‍.

സാധാരണയായി രാക്തസ്രാവവും വയറു വേദനയുമാണ് ലക്ഷണങ്ങള്‍. ഇങ്ങനെയുള്ളവര്‍ക്ക് ഡി ആന്‍ഡ് സി വഴി ശേഷിക്കുന്ന ഗര്‍ഭം നീക്കം ചെയ്യേണ്ടതായി വരും. അമിത രക്തസ്രാവം ജീവന്‍ അപകടത്തിലാക്കും. വയറു വേദനയും രക്തസ്രാവവും തന്നെയാണ് പൂര്‍ണ്ണമായ അബോര്‍ഷന്റെയും ലക്ഷണം. രക്തം കട്ടിയായും മാംസത്തിന്റെ അംശം പോലെയും പോകാം. ഇവിടെ ഗര്‍ഭം പൂര്‍ണമായും ഗര്‍ഭ പാത്രത്തില്‍ നിന്നു പോയിരിക്കും.
Share this news

Leave a Reply

%d bloggers like this: