സ്വാതന്ത്ര ദിനത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി 25,000കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജ്യം 69ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ശനിയാഴ്ച ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി 25,000 മതുര കര്‍ഷകര്‍ രംഗത്ത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ രംഗത്തെത്തിയത്. മുമ്പ് ആത്മഹത്യ ചെയ്യുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തങ്ങള്‍ നിരന്തരം സര്‍ക്കാരിനെ സമീപിക്കുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അവഗണനയാണ് തങ്ങള്‍ നേരിടുന്നത്. അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഡല്‍ഹിആഗ്ര ഹൈവേ ഉപരോധിച്ച നിരവധി കര്‍ഷകര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നതായും കര്‍ഷകനായ കിരണ്‍ സിങ് പറയുന്നു.
എന്നാല്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായി സര്‍ക്കാരും വ്യക്തമാക്കി.

അലഹബാദ് കോടതി കഴിഞ്ഞ ദിവസം വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. കൃഷിനാശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. 25,000 കര്‍ഷകര്‍ക്കായി 800 കോടി രൂപ നഷ്ടപരിഹാര ഇനത്തില്‍ സര്‍ക്കാരിന് കണ്ടെത്തേണ്ടിവരുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: