പാക് പ്രകോപനം തുടരുന്നു; ഷെല്ലാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ആറു ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 40 വയസുകാരി കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് 12 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചത്. ഈ ആക്രമണത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിരുന്നു.

പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലും കനത്ത വെടിവയ്പാണ് പാക് സൈന്യം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയും വെടിവയ്പ് തുടര്‍ന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നത്. ആക്രമണം രൂക്ഷമായതോടെ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഗ്രാമീണര്‍ക്ക് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

ഈ മാസം ഇതുവരെ 32 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ശനിയാഴ്ച കാറില്‍ മോട്ടാര്‍ ഷെല്‍ പതിച്ചാണ് മൂന്നു പേര്‍ മരിച്ചത്. ഷെല്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേരും തല്‍ക്ഷണം മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്ത്യയും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ജമ്മു കാശ്മീരിനു മേലുളള പാകിസ്ഥാന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ജനങ്ങളെ നിര്‍ഭയമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ദുരന്തത്തിന്റെ ഇരകളാക്കി മാറ്റരുതെന്നും, ഇക്കാര്യത്തില്‍ 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യയുടെയും, പാകിസ്ഥാന്റെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണമെന്നും ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: