Jobstown 23 യ്ക്ക് ഐക്യദാര്‍ഢ്യവുമായി താലഗട്ട് ഗാര്‍ഡ സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധം

ഡബ്ലിന്‍: കഴിഞ്ഞ നവംബറില്‍ ജോബ്‌സ് ടൗണില്‍ വാട്ടര്‍ചാര്‍ജ്ജിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ തടഞ്ഞതിനെതിരെ പ്രക്ഷോഭകര്‍ക്ക് എതിരെ കുറ്റം ചുമത്താനുള്ള നീക്കത്തിനെതിരെ നാളെ താലഗട്ട് ഗാര്‍ഡ സ്റ്റേഷനുമുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. സോഷ്യലിസ്റ്റ് ടിഡി പോള്‍ മര്‍ഫി അടക്കം ഇരുപത്തിരണ്ട് പേര്‍ക്കെതിരെയാണ് ജോബ്‌സ്ടൗണിലെ പ്രതിഷേധത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ക്രമസമാധാന ലംഘനം, അന്യാമായി തടഞ്ഞ് വെയ്ക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത ചില പ്രദേശ വാസികളും കേസില്‍ കുടുങ്ങിയിട്ടുണ്ട്.

തനിക്കും മറ്റുള്ളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് മര്‍ഫി ആരോപിച്ചിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്ന കയറ്റമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. കുറ്റം ചുമത്തിയത് താനറിയുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വന്നതിനെതിരെ മര്‍ഫി പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തെറ്റൊന്നും ചെയ്യാതെ ജയിലില്‍ പോകേണ്ടി വരുന്നതിന്റെ ആശങ്കയും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.

പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കുറ്റം ചുമത്തിയ നടപടിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാട്ടര്‍ചാര്‍ജ് വിരുദ്ധസംഘത്തിലെ ഫിയോന ഡോയലാണ് നാളെ താലഗട്ട് ഗാര്‍ഡ സ്റ്റേഷനുമുമ്പില്‍ വൈകിട്ട് ആറുമണിക്ക് പ്രതിഷേധം സംഘിടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് ഫേസ്ബുക്ക് ഇവന്റ് പേജിലൂടെ അവര്‍ അറിയിച്ചു. വിവിധ കമ്മ്യൂണിറ്റിയിലുള്ളവരോടും കൗണ്ടികളോടും പ്രതിഷേധത്തിന് പങ്കെടുക്കാനും Jobstown 23 പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. 300 ഓളം പേര്‍ നാളെ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-എജെ-

Share this news

Leave a Reply

%d bloggers like this: