പഞ്ചായത്ത് വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ അവകാശവാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കൊച്ചി: പഞ്ചായത്ത് വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ അവകാശവാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പഞ്ചായത്തുകള്‍ പുതിയതായി വിഭജിച്ചതിന്റെ അടിസ്ഥാനത്തില്‍ അറുപത് ദിവസം കൊണ്ട് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.

എന്നാല്‍ പുതിയ വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. പഞ്ചായത്ത് വിഭജനം റദ്ദാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വിധിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും സര്‍ക്കാരിന്റെ അപ്പീലില്‍ നാളെ വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വില്ലേജുകള്‍ വെട്ടിമുറിച്ച് 69 പുതിയ പഞ്ചായത്തുകള്‍ക്ക് രൂപം നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്ന വ്യവസ്ഥയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ഭരണഘടനാ ലംഘനമാവുമെന്നും കമ്മിഷന്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി.

സംസ്ഥാനത്തെ 85 വില്ലേജുകളാണ് സര്‍ക്കാര്‍ വിഭജിച്ചത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വില്ലേജുകള്‍ വിഭജിച്ചത് 16. മുസ്ലിം ലീഗിന് അനുകൂലമായി മലപ്പുറത്തും സി.പി.എമ്മിന്റെ മേല്‍ക്കോയ്മ തകര്‍ക്കുന്ന തരത്തില്‍ കണ്ണൂരിലും വിഭജനം നടത്തിയെന്ന നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: