അഭിഷേകാഗ്‌നി 2015 ! ലിമെറിക്ക് റേസ് കോഴ്‌സ് ധ്യാന നിരതമാകും.

മത്സരാവേശത്തിന്റെ പകലുകള്‍ അലതല്ലിയ ലിമെറിക്ക് റേസ് കോഴ്‌സ് ഇനി ധ്യാന നിരതമാകും. കുതിര കുളമ്പടികളുടെ ചടുലതകളില്ലാതെ ആത്മ സംഘര്‍ഷങ്ങളിറക്കി വെച്ച് ശാന്തിയിലേക്കും സൗഖ്യത്തിലേക്കും ഊര്‍ന്നിറങ്ങാനുള്ള ദിവസങ്ങള്‍.

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ആഗസ്റ്റ് 28,29,30 തീയതികളിലായിട്ടാണ് വചനങ്ങള്‍ മുറിവുകളില്‍ ലേപനമാവുക. ലിമെറിക്കിലെ റേസ് കോഴ്‌സില്‍ മൂന്ന് ദിവസത്തെ പരിപാടികള്‍ വിപുലമായിട്ടാണ് സംഘടിപ്പിക്കുന്നത്. നാല് നിലകളിലായാണ് പരിപാടികള്‍ നടത്തുന്നതെന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിയുന്നത്. ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നും കരുതുന്നു.

ലിമറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ലിമറിക്കില്‍ നടത്തിവരാറുള്ളതാണ് ധ്യാനം. ഇക്കുറി ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി സെഹിയോന്‍ ടീമാണ് ധ്യാന ശുശ്രൂഷകള്‍ നയിക്കുക. പാട്രിക്ക് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ധ്യാനം നടക്കുക. നാല് ഭാഗങ്ങളിലായി നടത്തുന്ന ധ്യനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. യു കെ യിലെ സെഹിയോന്‍ ഗ്രൂപ്പാണ് കുട്ടികളുടെ ധ്യാനത്തിനും കൗണ്‍സിലിങിനും നേതൃത്വം നല്‍കുക. ഒരു നിലയില്‍ ധ്യാനവും മറ്റൊന്നില്‍ കൗണ്‍സിലിങും നടക്കും. ഭക്ഷണം നല്‍കുന്നതിന് ഒരു ഭാഗം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടായിരത്തിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളതാണ് റേസ് കോഴ്‌സ്. ഷാനന്‍ എയര്‍പോര്‍ട്ടില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ 26ന് വന്നിറങ്ങുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡിന്റെ ചുമതലയുള്ള ഫാ. ആന്റണി പെരുമായിലും ബെല്‍ഫാസ്റ്റില്‍ നിന്ന് ലിമെറിക്കിലെത്തുമെന്ന് സൂചനയുണ്ട്. മിക്ക ഹോട്ടലുകളും വീടുകളും ധ്യാനത്തിന് എത്തുന്നവര്‍ താമസത്തിനായി ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ വീടുകള്‍ കൂടി ധ്യാനത്തിനെത്തുന്നവര്‍ക്ക് താമസിക്കാനായി നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് റോസ് മലയാളത്തെ rosemalayalam@gmail.com എന്ന വിലാസത്തില്‍ വിവരം അറിയിക്കാവുന്നതാണ്. താമസ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്കും റോസ് മലയാളത്തിന്റെ സേവനം തേടാവുന്നതാണ്. താമസ സൗകര്യം ലഭ്യമാകുന്നതിനനുസരിച്ച് ആവശ്യക്കാരെ സഹായിക്കുന്നതായിരിക്കും.

Share this news

Leave a Reply

%d bloggers like this: