ശ്യാമിലി മലയാളത്തില്‍ നായികയായി അരങ്ങേറുന്നു

ബാലതാരമായിരുന്ന ശ്യാമിലി മലയാളത്തില്‍ നായികയായി അരങ്ങേറുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെയാണ് ശ്യാമിലി മലയാള പ്രേക്ഷകരുടെ മനം കവരാന്‍ എത്തുന്നത്. 1997 അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ അരങ്ങേറിയ കുഞ്ചാക്കോ ബോബന്റെ നായിക ശ്യാമിലിയുടെ ചേച്ചിയും നടിയുമായ ശാലിനി ആയിരുന്നു.

ശ്യാമിലിയുടെ കണ്ണുകള്‍ മാത്രം നല്‍കി കൊണ്ടുള്ള സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചാക്കോച്ചനും അജു വര്‍ഗീസും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഇവള്‍ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകള്‍ ആരുടേതെന്നറിയാന്‍’ എന്നെഴുതിയ പോസ്റ്ററായിരുന്നു അത്. അപ്പോള്‍ തന്നെ ഇത് ശ്യാമിലിയാണെന്ന് സോഷ്യല്‍ മീഡിയ പ്രവചിച്ചിരുന്നു.

നവാഗതനായ റിഷി ശിവകുമാര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിനും ഛായാഗ്രഹണം നിര്‍വഹിച്ചത് കുഞ്ഞുണ്ണിയാണ്.

ചിത്രത്തില്‍ കുഞ്ചാക്കോയുടെ ഭാര്യാ വേഷത്തിലാണ് ശ്യാമിലി എത്തുന്നത്. വളരെ തന്റേടിയായ ഒര കഥാപാത്രമാണിത്. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന കഥാപാത്രമായതിനാല്‍ തന്നെ സിനിമയില്‍ ശ്യാമിലി മലയാളം സംസാരിക്കുന്നില്ല. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്ന് റിഷി പറഞ്ഞു.

സിംഗപ്പൂരില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്യാമിലി സിനിമയിലെത്തുന്നത്. 2009ല്‍ തെലുങ്കില്‍ സിദ്ധാര്‍ത്ഥിനൊപ്പം ഒയ് എന്ന സിനിമയില്‍ ശ്യാമിലി അഭിനയിച്ചിരുന്നു. വന്‍ വിജയമായിരുന്നു ഈ സിനിമ. തമിഴില്‍ ധനുഷ് നായകനാവുന്ന സിനിമയിലും ശ്യാമിലി അഭിനയിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: