ടിപ്പറിയിലെ ഇന്ത്യന്‍ കമ്പനി അടച്ചുപൂട്ടുകയാണോ, തൊഴിലാളികള്‍ ആശങ്കയില്‍

ടിപ്പെറി: സൗത്ത് ടിപ്പെറിയിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്‌സിയിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ഭീതി വര്‍ധിക്കുന്നു. ഇതേതുടര്‍ന്ന് കാഷലിലെ റാന്‍ബാക്‌സി പ്ലാന്റിലെ ജീവനക്കാരുമായി മാനേജ്‌മെന്റ് ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. റാന്‍ബാക്‌സി സണ്‍ഫാര്‍മ കമ്പനിയുമായി ലയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. ഈ ലയനത്തില്‍ റാന്‍ബാക്‌സിയുടെ കാഷലിലെ ഐറിഷ് പ്ലാന്റും ഉള്‍പ്പെട്ടിരുന്നു. കോര്‍ക്ക് റോഡിലെ പ്ലാന്റിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് ഇന്നലെ മീറ്റിംഗ് നടത്തുകയും കമ്പനി അതിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരുടെ കാര്യത്തില്‍ തീരുമാനമാകാതെയാണ് മീറ്റിംഗ് അവസാനിച്ചത്. ഐറിഷ് പ്ലാന്റില്‍ മലയാളികളടക്കമുള്ള നിരവധി ഇന്ത്യാക്കാരാണ് ജോലി ചെയ്യുന്നത്. ഇവരെല്ലാം തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്

സണ്‍ഫാര്‍മ റാന്‍ബാക്‌സിയെ ഏറ്റെടുത്തതിലൂടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, കപ്പാസിറ്റി, ഉത്പാദനചെലവ്, ഉത്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് സണ്‍ഫാര്‍മ വക്താവ് ടിപ്പ് എഫ്എം ലെ പ്രോഗ്രാമില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന്റെ ഫലമായി കമ്പനിയുടെ ചില പ്ലാന്റുകള്‍ അടയ്‌ക്കേണ്ടിവരുകയും ഒഴിപ്പിക്കുകയോ ചെയ്യേണ്ടിവരുമെന്നുമെന്നാണ് കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നത്. നിവലില്‍ പ്ലാന്റില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കാര്യത്തില്‍ എന്തുതീരുമാനമാണ് കൈകൊള്ളുകയെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല.

കാഷലിലെ ഐറിഷ് പ്ലാന്റ് വില്‍ക്കുകയോ ഒഴിപ്പിക്കുകയോ ചെയ്യണമെന്നാണ് സണ്‍ഫാര്‍മയിലെ ഫ്രെഡറിക് കസ്‌ട്രോ പറയുന്നത്. ജൂലൈയില്‍ റാന്‍ബാക്‌സിയുടെ കാഷല്‍ പ്ലാന്റിനടുത്തുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മുന്‍ പ്ലാന്റ് യുഎസ് ജനറിക് ഡ്രഗ്‌സ് കമ്പനിയായ Amneal വാങ്ങിയിരുന്നു. യുഎസില്‍ അടുത്തിടെ റാന്‍ബാക്‌സിയുടെ പ്ലാന്റ് പൂട്ടിയതിനെതുടര്‍ന്ന് തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ കേസുമായി മുന്നോട്ട് പോകുകയാണ്. അയര്‍ലന്‍ഡിലും സമാനസ്ഥിതിയുണ്ടാകുമോ എന്നാണ് ഭീതിയിലാണ് ജീവനക്കാര്‍. ജീവനക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനങ്ങളൊന്നുമായിട്ടില്ലെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: