ശ്വസന സംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണം, അയര്‍ലന്‍ഡ് മുന്നില്‍

ഡബ്ലിന്‍: ശ്വാസന സംബന്ധമായ രോഗങ്ങള്‍ മൂലം മരണപ്പെടുന്നവരുടെ നിരക്കില്‍ യൂറോപ്യന്‍ യൂണിയനില്‍ അയര്‍ലന്‍ഡ് മുന്നില്‍.  ഇത്തരം മരണങ്ങളില്‍ ശ്വാസകോശ അര്‍ബുദമാണ് മൂന്നില്‍ ഒരു മരണത്തിനും കാരണമാകുന്നതെന്നതും ഗൗരവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. യൂറോ സ്റ്റാറ്റ് വ്യക്തമാക്കുന്നത് പോലെ യുകെ, ഡെന്‍മാര്‍ക്ക് എന്നീ അയല്‍ രാജ്യങ്ങളിലും ഉയര്‍ന്ന മരണനിരക്കാണുള്ളത്. യുകെയില്‍ ആകെ മരണങ്ങളില്‍ അഞ്ചില്‍ ഒന്നും, ഏകദേശം 20.3 ശതമാനം വരെ ശ്വസന സംബന്ധമായ അസുഖങ്ങള്‍ മൂലമായിരുന്നെന്നാണ് 2012ലെ കണക്ക്.

ഡെന്‍മാര്‍ക്കില്‍ ആകെ മരണങ്ങളുടെ 18.4 ശതമാനവും അയര്‍ലന്‍ഡില്‍ 18.2 ശതമാനവുമാണ്  ശ്വസന സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളുടെ നിരക്ക്. ബാള്‍ക്കന്‍ രാജ്യങ്ങളിലും ബള്‍ഗേറിയയിലും ശ്വസന സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വളരെ കുറവാണ്. എട്ട് ശതമാനത്തില്‍താഴെ മാത്രമാണിവിടെ ആകെ മരണങ്ങളില്‍ ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കുള്ള സ്ഥാനം. ലാത് വിയയില്‍ 5.8 ശതമാനം , ലുത്വാനിയയില്‍ 6.4 ശതമാനം, എസ്റ്റോണിയയില്‍ 7.4ശതമാനം ബള്‍ഗേറിയയില്‍ 7ശതമാനം എന്നിങ്ങനെയാണ് ആകെ മരണങ്ങളില്‍ ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സ്ഥാനം.

ശ്വാസകോശ അര്‍ബുദമാണ് ഒട്ടുമിക്ക മരണങ്ങള്‍ക്കും കാരണമാകുന്ന മുഖ്യ പ്രശ്നം. ഇത് യൂറോപ്യന്‍ രാജ്യങ്ങില്‍ പൊതുവായി കാണപ്പെടുന്നതാണ്. എന്നാല്‍ പോര്‍ച്ചുഗല്ലില്‍ ന്യൂമോണിയയാണ് മുഖ്യ മരണ കാരണമായിമാറുന്നത്. ശ്വസന സംബന്ധമായ അസുഖങ്ങള്‍ മരണകാരണമാകുന്നതില്‍ പോര്‍ച്ചുഗല്ലില്‍ 20.9 ശതമാനം കേസുകള്‍ ശ്വാസകോശ അര്‍ബുദം മൂലമാണെങ്കില്‍ ന്യൂമോണിയ മൂലമുള്ള മരണം 38.6ശതമാനം വരെയാണ്.

ശ്വസന സംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണത്തില്‍ ഗ്രീസിലും അയര്‍ലന്‍ഡിയും ശ്വാസകോശ അര്‍ബുദത്തിന്‍റെ സ്ഥാനം 34ശതമാനം വരെയാണ്. പകുവലിയാണ് അയര്‍ലന്‍ഡില്‍ ശ്വാസകോശ അര്‍ബുദ നിരക്ക് കൂട്ടുന്നതിന് പ്രധാനകാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ആളുകള്‍ കൂടുതല്‍കാലം ജീവിക്കുന്നതും അര്‍ബുദം തിരിച്ചറിയുന്നതും കൂടി നിരക്ക് ഉയര്‍ന്നതായി നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് അയര്‍ലന്‍ഡ് പുകവലിക്ക് പുറകെ പോയി തുടങ്ങിയത്. അറുപതുകളിലും എഴുപതുകളിലും സ്ത്രീകളില്‍കൂടി പുകവലി വ്യാപിച്ചു. എണ്‍പതുകളിലും തൊണ്ണൂറിലും പുകവലിയുടെ നിരക്ക് കുറയാന്‍ തുടങ്ങി.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ശ്വാസ കോശ അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് ഇരട്ടിയാകാനാണ് സാധ്യത. എന്നാല്‍ പുകവലിയിലെ നിരക്ക് കുറയാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. പുരുഷന്മാരാണ് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ മൂലം കൂടുതലായും മരിക്കുന്നത്. ഡെന്മാര്‍ക്കില്‍ സ്ത്രീകളാണ് കൂടുലായും മരണമടയുന്നത്. അയര്‍ലന്‍ഡില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങല്‍ മൂലം മരിച്ചതില്‍ 52 ശതമാനം വരെയും പുരുഷന്മാരാണ്. സ്ത്രീകള്‍ 48 ശതമാനം വരെയാണുള്ളത്. ശ്വസന സംബന്ധമായ രോഗങ്ങളില്‍ ആസ്തമ മൂലമുള്ള മരണ നിരക്കില്‍ മുമ്പില്‍ തുര്‍ക്കിയാണുള്ളത്. 3.2ശതമാനം പേരാണ് ഇവിടെ ആസ്തമ മൂലം മരണത്തിന് കീഴ്പ്പെടുന്നത്. സെര്‍ബിയയില്‍ 2.8ശതമാനം പേരും ഫിന്‍ലാന്‍ഡിലും എസ്തോണിയയിലും 2.5ശതമാനം പേരും ആസ്തമ മൂലമാണ് മരണത്തന് കീഴ്പ്പെട്ടത്. പകര്‍ച്ചപനി മൂലം ശ്വാസകോശ പ്രശ്നം ഉണ്ടായി മരിക്കുന്നതില്‍ മുന്നില്‍ സ്വീഡന്‍ ആണ്. തുടര്‍ന്ന് നോര്‍വെയും ഫ്രാന്‍സും ഇടം പിടിച്ചിരിക്കുന്നു. 2012ലെ ആകെ മരണങ്ങളില്‍ 13.4ശതമാനമാണ് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ഉണ്ടായിട്ടുള്ളത്.

യൂറോപ്യന്‍ യൂണിയനിലെ ആകെ കണക്കെടുത്താല്‍ 670,000 വരുമിത്. ഇതില്‍ 2,756  പേര്‍ ഐറിഷ് പുരുഷന്മാരും 2,542പേര്‍ ഐറിഷ് സ്ത്രീകളുമാണ്.

Share this news

Leave a Reply

%d bloggers like this: