മക്കയിലെ ക്രെയിന്‍ അപകടം… രണ്ട് മലയാളികളടക്കം മരണം 107

മക്ക: ഹറം പള്ളിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടു ക്രെയിനുകള്‍ തകര്‍ന്നു പ്രദക്ഷിണവഴിയിലേക്കു (മത്താഫ്) പതിച്ച് മരിച്ചവരുടെ എണ്ണം 107 ആയി. ഇതില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നു. 15 ഇന്ത്യക്കാരുള്‍പ്പെടെ 200ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് കല്‍മണ്ഡപം മീന നഗര്‍ ഹൗസ് നമ്പര്‍ 10ല്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ മൂമിനയാണു (33) മരിച്ച ഒരു മലയാളി. പരുക്കേറ്റ ഇന്ത്യക്കാരില്‍ 11 പേര്‍ ഹജ് കമ്മിറ്റി മുഖേനെ വന്നവരും നാലുപേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ മുഖേനെ വന്നവരുമാണ്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സംഭവസ്ഥലത്തുണ്ടെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

ഭര്‍ത്താവ് മുഹമ്മദ് ഇസ്മയിലിനൊപ്പം പാലക്കാട്ടെ ട്രാവല്‍ ഏജന്‍സി വഴി മൂന്നു ദിവസം മുന്‍പാണു മക്കയിലേക്കു പോയത്. മുഹമ്മദ് ഇസ്മയിലിനും ചെറിയ പരുക്കുണ്ട്. കനത്ത കാറ്റും മഴയും മൂലം ക്രെയിന്‍ പൊട്ടിവീഴുകയായിരുന്നു. പരുക്കേറ്റ ഇന്ത്യക്കാരില്‍ നാലു പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലുള്ള ഇന്ത്യന്‍ ഹജ് മിഷന്‍ ആശുപത്രിയിലും മറ്റുളളവര്‍ കിങ് അബ്ദുല്‍അസീസ്, നൂര്‍, സാഹിര്‍ ആശുപത്രികളിലുമാണ്.

വൈകിട്ട് അഞ്ചു മണിക്കു ശേഷമായിരുന്നു അപകടം. മഗ്‌രിബ് നമസ്‌കാരത്തിനായി തീര്‍ഥാടകര്‍ ഹറമിലേക്ക് എത്തുന്ന സമയമായതും ദുരന്തവ്യാപ്തി കൂട്ടി. പ്രദക്ഷിണം നടത്തുകയായിരുന്ന തീര്‍ഥാടകര്‍ക്കു മുകളിലേക്കാണു ക്രെയിന്‍ പൊട്ടിവീണത്. ഹജ് തീര്‍ഥാടനത്തിന്റെ പ്രധാന കര്‍മങ്ങള്‍ തുടങ്ങാന്‍ പത്തു ദിവസം മാത്രം ബാക്കിനില്‍ക്കെയാണു ദുരന്തം.

 

 

Share this news

Leave a Reply

%d bloggers like this: