പഠിക്കാനുള്ള ആഗ്രഹത്തിന് പ്രായമില്ല…71-ാം വയസില്‍ ജൂനിയര്‍ സെര്‍ട്ട് നേടി പമേല മുത്തശ്ശി

ഡബ്ലിന്‍: പഠനത്തിന് പ്രായമൊക്കെയുണ്ടോ…ഏത് പ്രായത്തില്‍ വേണമെങ്കിലും നമുക്ക് പഠിക്കാനാരംഭിക്കാം.അതിന് വേണ്ടത് മനസാണ്. ഇക്കുറി ജൂനിയര്‍ സെര്‍ട്ട് ഫലം ആഘോഷിക്കുന്ന പതിനായിരങ്ങളുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന കുട്ടി കൂടിയുണ്ട്. 71 കാരിയായ ലിമെറിക് സ്വദേശിയും മുത്തശ്ശിയുമായ പമേല നൂനാണ്‍. ലിമെറിക്കിലെ O’Malley Park ല്‍ നിന്നുള്ള പമേലയ്ക്ക്  ഈ സന്തോഷത്തിന് അതിരുകളില്ല. ഓ കോണല്‍ അവന്യൂവിലെ  ഫര്‍ദര്‍ എഡുക്കേഷന്‍ ആന്‍റ് ട്രെയ്നിങ് സെന്‍ററില്‍ വെച്ച് തനിക്ക് കിട്ടിയ കവര്‍ തുറന്നപ്പോള്‍  താന്‍ ആകാശത്തോളം ഉയര്‍ന്ന് പോയെന്നാണ് പമേല തന്നെ പറയുന്നത്. ചെറുതിലേ തന്നെ സ്കൂള്‍ ഉപേക്ഷിക്കേണ്ടി വന്ന നിര്‍ഭാഗ്യ വതിയാണ് പമേല. പതിനൊന്നാം വയസില്‍ പഠനം ഉപേക്ഷിച്ചു.

അന്നത്തെ കാലത്ത്  ജോലിക്ക് പോകാതെ സാധിക്കില്ലെന്നായിരുന്നു വെന്ന് പമേല പറയുന്നു. പഠിക്കുന്നുണ്ടോ എന്നുള്ളതോ എന്ത് ചെയ്യുന്നു എന്നതോ കാര്യമായിരുന്നില്ല ജോലിക്ക് പോയിപണം സമ്പാദിക്കുകയായിരുന്നു മുഖ്യമെന്നും അവര്‍ ഓര്‍മ്മിക്കുന്നു. ലിമെറിക്കില്‍ 2700 വിദ്യാര്‍ത്ഥിക്കാണ് പരീക്ഷാ ഫലം ലഭിച്ചത്. രാജ്യത്താകെ 60,000 വിദ്യാര്‍ത്ഥികളും ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.  പതിനാല് വയസുള്ള ചെറുമകനുള്ള പേമേല ഇയൊരു നേട്ടത്തോടെ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. താന്‍ മരിക്കുന്നതിന് മുമ്പ് ലിവിങ് സെര്‍ട്ട് ചെയ്യും. ഇതിനായി എന്ത് വേണമെങ്കിലും ചെയ്യുമെന്നും മണ്ടത്തരമാണോ പറയുന്നതെന്ന് അറിയില്ലെന്നും  തന്‍റെ ആഗ്രഹം നിഷ്കളങ്കമായി പമേല  പങ്കുവെയ്ക്കുന്നു. ലിമെറിക് അഡള്‍ട്ട് എഡുക്കേഷന്‍ സ്ഥാപനത്തില്‍ പഠനത്തിനെത്തുന്നവര്‍ ഒന്നുകില്‍ നേരത്തെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നവരോ അയര്‍ലന്‍ഡിലെത്തിയ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളോ ആയിരിക്കും.

1966ല്‍ സ്കൂള്‍ പഠനം അവസാനിപ്പിച്ച 61 കാരനായ ഹരോള്‍ഡ് കോണ്‍വേ ആണ് ഇക്കുറി ലിവിങ് സെര്‍ട്ട് പഠനത്തിന് യോഗ്യതനേടിയ മറ്റൊരു പ്രായമായ വിദ്യാര്‍ത്ഥി. ഇദ്ദേഹമാകട്ടെ ബിരുദതല പഠനം വരെ പോകാനാണ് ആഗ്രഹിക്കുന്നത്. തനിക്ക് പഠനമുപേക്ഷിച്ചപ്പോള്‍ എന്തോ നഷ്ടം വന്നതായാണ് തോന്നിയതെന്ന് ഹരോള്‍ഡ് പറയുന്നു. ഒരുവസരം ലഭിച്ചപ്പോള്‍ അത് ആ്തമപ്രകാശനത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു.  ജൂനിയര്‍ സൈക്കിള്‍ പഠനത്തില്‍ പരിഷ്കരണം വരുത്തിയിരിക്കുന്നത് മുതിര്‍ന്നവരെ ബാധിക്കുമെന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. ജൂനിയര്‍ സെര്‍ട്ടിനേക്കാള്‍ പരിഷ്കരണം ആവശ്യം  ലിവിങ് സെര്‍ട്ടിനാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Share this news

Leave a Reply

%d bloggers like this: