ചലചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

കൊച്ചി: ചലചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനായ അന്തരിച്ച ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ റോഡില്‍ തൈക്കുടത്തിന് സമീപം ചമ്പക്കരയില്‍ വച്ചാണ് അപകടം നടന്നത്. ശബ്ദം കേട്ട് എത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്ക് കാരണം മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടെന്നും 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന്, രസികന്‍, കാക്ക കറുമ്പന്‍, സ്പിരിറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിദ്രയില്‍ സിദ്ധാര്‍ത്ഥ് തന്നെയായിരുന്നു നായകന്‍. ഒരു ഇടവേളയ്ക്ക് ശേഷം സിദ്ധാര്‍ത്ഥിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവായിരുന്നു ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം.

Share this news

Leave a Reply

%d bloggers like this: