നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ കാലതാമസം ഒഴിവാക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

ഡബ്ലിന്‍: ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളിലെ അധിക തിരക്ക് ഒഴിവാക്കുന്നതിനും നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ വേഗത്തിലാക്കുന്നതിനുമുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താനായി ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സുമായും നഴ്‌സിംഗ് ഹോം അയര്‍ലന്‍ഡുമായുമാണ് വരേദ്ക്കര്‍ ചര്‍ച്ച നടത്തുന്നത്.

ശൈത്യകാലത്തെ രോഗികളുടെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് എമര്‍ജന്‍സി വിഭാഗങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നത്. നഴ്‌സിംഗ് രജിസ്‌ട്രേഷനിലെ കാലതാമസം മൂലം നഴ്‌സിംഗ് ഹോമുകള്‍ അടച്ചിടേണ്ട സ്ഥിതിയാണെന്ന് സിഇഒ ടാഡ് ഡാലി പറയുന്നു. നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് മന്ത്രി പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച വിളിക്കുകയായിരുന്നു. 2300 ലധികം നഴ്‌സുമാരാണ് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡില്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ച് കാത്തുനില്‍ക്കുന്നത്.

ആരോഗ്യമേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്നതാണ് നഴ്‌സുമാരുടെ കുറവ്. നഴ്‌സിംഗ് ഹോം മേഖലയെയാണ് പ്രത്യേകിച്ചും ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: