എം.എ ബേബിയുടെ മകന്‍ വിവാഹിതനായി…സത്കാരത്തിന് പരിപ്പുവടയും ചായയും

തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടേയും ബെറ്റി ലൂയിസിന്റേയും മകന്‍ അശോക് ബെറ്റി നെല്‍സണും (അപ്പു) വാകത്താനം കൂലിപ്പുരക്കല്‍ ആന്റണിഅന്നമ്മ ദമ്പതികളുടെ മകള്‍ സനിധയും വിവാഹിതരായി. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടന്ന ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസും പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ. ഉമയാള്‍പുരം കെ. ശിവരാമനും വധൂവരന്‍മാര്‍ക്ക് വരണമാല്യം കൈമാറി. തുളസിമാല പരസ്പരം ചാര്‍ത്തിയതോടെ വിവാാഹചടങ്ങുകള്‍ കഴിഞ്ഞു. തുടര്‍ന്ന് അശോകും സനിധയും വേദിയില്‍ നിന്നിറങ്ങി സദസ്സില്‍ ഉപവിഷ്ടരായവരുടെ അടുത്തെത്തി അനുഗ്രഹം തേടി. വരണമാല്യം ചാര്‍ത്തുന്നതിന് മുമ്പ് ഉമയാള്‍പുരം ശിവരാമന്റെ മൃദംഗ ച്ചേരിയുണ്ടായിരുന്നു. പ്രശസ്ത സംഗീതബാന്‍ഡായ തൈക്കുടം ബ്രിഡ്ജിലെ ഗിത്താറിസ്റ്റാണ് അശോക്.

ചൊവ്വാഴ്ച രാവിലെ കോട്ടയ്ക്കകത്തെ രജിസ്റ്റര്‍ ഓഫീസില്‍ വധൂവരന്‍മാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കവിയത്രി സുഗതകുമാരി, നടന്‍ മമ്മൂട്ടി, മധു, സംവിധായകന്‍ ഫാസില്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ലളതിമായ വിവാഹചടങ്ങിനുശേഷം നടന്ന സത്കാരത്തില്‍ വിളമ്പിയത് ചായയും കടിയും. കൊല്ലം മേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ പരിപ്പ് വട, ഉണ്ണിയപ്പം,കൊഴുക്കട്ട, തെരളിയപ്പം, ഇലയട എന്നിവയ്ക്ക് പുറമെ കൊല്ലത്ത് ജൈവരീതിയില്‍ കൃഷിചെയ്‌തെടുത്ത മരച്ചീനിയും കാച്ചിലും ചേമ്പുമൊക്കെ പുഴുങ്ങിയതും നല്ല കാന്താരി ചമ്മന്തിയും സത്കാരത്തിനുണ്ടായിരുന്നു. വിതുരയിലെ കുടുംബശ്രീ അംഗങ്ങളാണ് ഇത് തയ്യാറാക്കിയത്. 2000 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി. ഇതിനു പുറമെ വിവാഹചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനമായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ജൈവ പച്ചക്കറി വിത്തുകളും നല്‍കി.

Share this news

Leave a Reply

%d bloggers like this: