രാഹുല്‍ ഗാന്ധി അവധിയില്‍…പ്രതികരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍നിന്നും വിണ്ടും അവധിയില്‍ പ്രവേശിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. രാഹുല്‍ പോയത് യു.എസിലേക്കാണെന്നും ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി വക്താവ് റണ്‍ദീവ് സുര്‍ജേവാല വ്യക്തമാക്കി.

രാഹുല്‍ പോയത് യു.എസിലെ ആസ്‌പെന്നിലേക്കാണ്. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള ഹൃസ്വ സന്ദര്‍ശനമാണിത്. വിവിധ ഭാഗങ്ങളില്‍നിന്നുള്ള ദേശീയ നേതാക്കളും സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. വിഷയവുമായി ബന്ധപ്പെട്ട് മറ്റ് അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായും സുര്‍ജേവാല പറഞ്ഞു. എന്നാല്‍ കോണ്‍ഫറന്‍സിന്റെ തീയതിയെക്കുറിച്ചോ സന്ദര്‍ശനത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ചോ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തില്‍നിന്നും വ്യത്യസ്തമായ പ്രതികരണമാണ് കോണ്‍ഗ്രസ് വക്താവ് ഇന്ന് നടത്തിയത്. രാഹുലിന്റെ വിദേശ സന്ദര്‍ശനത്തിന് പിന്നില്‍ വ്യക്തി താല്‍പര്യമാണെന്നും സന്ദര്‍ശനം അവസാനിക്കുന്ന മുറയ്ക്ക് മടങ്ങിയെത്തുമെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ സുപ്രധാന മറ്റ് നീക്കങ്ങളും രാഹുല്‍ തന്നെയാവും മുന്നില്‍നിന്ന് നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ നടത്തിയ വിദേശ സന്ദര്‍ശനം ദേശിയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിന് ഇടയില്‍ ഫെബ്രുവരി 23നാണ് രാഹുല്‍ അവസാനമായി പാര്‍ട്ടിയില്‍നിന്നും അവധിയെടുത്ത് വിദേശത്തേയ്ക്ക് കടന്നത്. എവിടേയ്ക്കാണ് പോയതെന്നോ, വിദേശ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തെന്നോ പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആദ്യം തയ്യാറായിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: