എല്ലുനുറുങ്ങുന്ന വേദനയില്‍ ദൈവസ്‌നേഹത്തിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞ് സ്‌റ്റെഫി

മാന്‍ഹട്ട്: യുഎസിലെ മാന്‍ഹട്ടനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനസ്പര്‍ശം അനുഭവിച്ചറിഞ്ഞ് സ്റ്റെഫാനി. പാപ്പയെ ഒരുനോക്കുകാണാന്‍ വീല്‍ച്ചെയറിലെത്തിയ 17-കാരിയായ സ്‌റ്റെഫാനി ഗാബോഡിനടുുത്തേക്ക് പാപ്പ നടന്നെത്തി. പിന്നെ സാന്ത്വനസ്പര്‍ശവും നെറുകെയില്‍ സ്‌നേഹചുംബനവും. എല്ലുനുറുങ്ങുന്ന വേദനയില്‍ കണ്ണീരോടെ അവള്‍ ദൈവസ്‌നേഹത്തിന്റെ ആ മാധുര്യം അനുഭവിച്ചറിഞ്ഞു.

യുഎസിലെ മാന്‍ഹട്ടനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനസ്പര്‍ശം അനുഭവിച്ചറിഞ്ഞ നിരവധി രോഗികളില്‍ ഒരാളായിരുന്നു സ്റ്റെഫാനി. ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ക്ലെര്‍ജി പ്രതിനിധികള്‍ക്കും അംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥനയര്‍പ്പിക്കാന്‍ മാന്‍ഹട്ടനിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ എത്തിയതായിരുന്നു മാര്‍പാപ്പ. തനിക്ക് ഏറെ ഇഷ്ടമുള്ള മാര്‍പാപ്പയെ ഒന്നു കണ്ടാല്‍ മാത്രം മതിയെന്ന് ആഗ്രഹിച്ചാണു സ്റ്റെഫാനി വീല്‍ചെയറില്‍ സെന്റ് പാട്രിക്‌സ് കത്തീഡ്രലിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അവള്‍ക്ക് നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്തിയത്. ആ വേദനയും കടിച്ചുപിടിച്ച് സ്റ്റെഫാനി കത്തീഡ്രലിന്റെ ഇടനാഴിയില്‍ ദര്‍ശനത്തിനായി കാത്തുനിന്നു.

പോപ് മൊബീലില്‍നിന്ന് ഇറങ്ങിയ മാര്‍പാപ്പ വിശ്വാസികളെ സന്ദര്‍ശിച്ച് കടന്നുപോകുകയായിരുന്നു. അദ്ദേഹത്തെ കാണാനായി സ്റ്റെഫാനി കഷ്ടപ്പെട്ട് ഏന്തിവലിഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. നടന്നുനീങ്ങുന്നതിനിടയില്‍ പാപ്പ സ്റ്റെഫാനിയെ കണ്ടു. അദ്ദേഹം ഇടനാഴിയിലൂടെ നടന്ന് അവളുടെ അടുത്തെത്തി. സ്റ്റെഫാനിക്കു വിശ്വസിക്കാനായില്ല. മാര്‍പാപ്പ കുനിഞ്ഞ് അവളോടു സംസാരിച്ചു. മാര്‍പാപ്പയ്ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കാന്‍ പോകുകയാണെന്ന് അവള്‍ അദ്ദേഹത്തോടു പറഞ്ഞു. സ്റ്റെഫാനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോകുകയാണെന്ന് മാര്‍പാപ്പയും മറുപടി പറഞ്ഞു. തുടര്‍ന്ന് അവളെ അനുഗ്രഹിച്ച അദ്ദേഹം സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. തനിക്ക് വര്‍ണിക്കാനാവാത്ത അനുഭവമായിരുന്നു അതെന്നാണു സ്റ്റെഫാനി ആ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

നേരത്തേ ജെഎഫ്‌കെ വിമാനത്താവളത്തില്‍ വിശ്വാസികളെ അനുഗ്രഹിച്ച മാര്‍പാപ്പ സെറിബ്രല്‍ പാഴ്‌സി രോഗിയായ ജെറാര്‍ദ് ഗുബാട്ടനെയും കണ്ടിരുന്നു. തുടര്‍ന്ന് ഗ്രൗണ്ട് സീറോയിലെ സെപ്റ്റംബര്‍ 11 ദുരന്തത്തിന്റെ സ്മാരകത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. ഹാര്‍ലെമിലെ ഒരു സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: