ദേശീയപതാകയില്‍ ഒപ്പിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദത്തില്‍

 
വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശനത്തിനിടെ ദേശീയപതാകയില്‍ ഒപ്പിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദത്തില്‍. പ്രശസ്ത പാചക വിദഗ്ധന്‍ വികാസ് ഘന്നയാണ് നരേന്ദ്ര മോദി തനിക്ക് ഒപ്പിട്ട ശേഷം കൈമാറിയ ദേശീയ പതാക യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കു കൈമാറുമെന്നു പറഞ്ഞത്. പ്രധാനമന്ത്രി ഒപ്പിട്ട ദേശീയ പതാക അദ്ദേഹം മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ വിവിധ വന്‍കിട കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുവാന്‍ സംഘടിപ്പിച്ച യോഗത്തില്‍ ഭക്ഷണം തയാറാക്കിയത് വികാസ് ഖന്നയാണ്.

സംഭവം വിവാദമായതോടെ പതാക അധികൃതര്‍ ഖന്നയില്‍നിന്നു തിരികെ വാങ്ങി. ദേശീയ പതാകയെ അപമാനിക്കുന്ന എന്തെങ്കിലും നടപടി പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായോ എന്നകാര്യം പരിശോധിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 2002 ലെ ദേശീയപതാക ചട്ടപ്രകാരം ദേശീയ പതാകയില്‍ എന്തെങ്കിലും എഴുതുന്നതോ ചിത്രങ്ങള്‍ വരയ്ക്കുന്നതോ കുറ്റകരമാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന പ്രതികരണമാണു വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. പതാകയില്‍ ഒപ്പിട്ട സംഭവത്തില്‍ ഓഫീസിന്റെ പക്കല്‍ നിന്നുമുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണു പാര്‍ട്ടി. എത്ര ഉന്നതമായ പദവിയില്‍ എത്തിയാലും അതിനെല്ലാം ഒരുപടി മുന്നിലാണു ദേശീയപതാകയുടെ സ്ഥാനമെന്ന കാര്യം മോദി ഓര്‍ക്കണമെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: