അസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം; ജ്യോതിശാസ്ത്ര പഠനത്തിന് ഇന്ത്യയുടെ ആദ്യ ഉപഗ്രഹം

ശ്രീഹരിക്കോട്ട:ജ്യോതിശാസ്ത്ര രംഗത്ത് സുവര്‍ണ്ണ കാല്‍വെപ്പുമായി ഇന്ത്യ. ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം അസ്‌ട്രോസാറ്റ് ശ്രീഹരിക്കോട്ട സതീഷ് ജവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ബഹിരാകാശത്ത് നിരീക്ഷണ ശാലയുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണശാല പേടകം അസ്‌ട്രോസാറ്റ് ഭൂമിയില്‍ നിന്ന് 650 കിലോ മീറ്റര്‍ അകലയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിച്ചത്. പിഎസ്എല്‍വിസി 30 എന്ന ഉപഗ്രഹ വിക്ഷേപണ വാഹനത്തിലാണ് അസ്‌ട്രോസാറ്റ് ശ്രീഹരിക്കോട്ടയിലെ ഐസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് രാവിലെ 10 മണിക്ക് വിക്ഷേപിച്ചത്. അമേരിക്കയടക്കം ആറ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇന്ത്യ ഇതോടൊപ്പം വിക്ഷേപിച്ചു. പിഎസ്എല്‍വി റോക്കറ്റില്‍ നിന്നും ആദ്യം ഭ്രമണപഥത്തിലേക്ക് വിട്ടകന്ന അസ്‌ട്രോസാറ്റിന് ശേഷമാണ് മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിലേക്ക് നീങ്ങിയത്.മിനിട്ടുകള്‍ക്കകം അസ്‌ട്രോസാറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു.

1153 കിലോ ഭാരമുള്ള അസ്‌ട്രോസാറ്റ് പ്രപഞ്ച രഹസ്യങ്ങളിലേക്കാണ് കണ്ണോടിക്കുക. നക്ഷത്രങ്ങളുടെ ജനനവും ബ്ലാക്ക് ഹോളുകളെയും കുറിച്ചാണ് പ്രത്യേക പഠനം നടത്തുക. നക്ഷത്രങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകളെ കുറിച്ചും ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കാന്തിക ക്ഷേത്രത്തെകുറിച്ചും ശൂന്യാകാശത്തെ നിരീക്ഷണശാല പഠനം നടത്തും.

വിക്ഷേപണം ഐഎസ്ആര്‍ഒയുടെ ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്.

Share this news

Leave a Reply

%d bloggers like this: