ഗാര്‍ഹിക പീഡനം: സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ എഎപി എംഎല്‍എ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ഉത്തരവാദിത്ത ബോധമുള്ള ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സോമനാഥ് ഭാരതി ഒളിവില്‍ പോകുകയല്ല കീഴടങ്ങുകയാണ് വേണ്ടതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ജാമ്യപേക്ഷ കോടതി തള്ളിയതോടെ ഇന്ന് വൈകുന്നേരം തന്നെ കീഴടങ്ങുമെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി.

വധശ്രമത്തിന് ഭാര്യ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സോമനാഥ് ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്. ആദ്യം കീഴടങ്ങുകയാണ് വേണ്ടതെന്നും ശേഷം കോടതിയെ സമീപിക്കൂവെന്നും കോടതി പറഞ്ഞു. ജാമ്യപേക്ഷ കോടതി തള്ളിയതോടെ പൊലീസിന് മുമ്പാകെ കീഴടങ്ങുമെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം പൊലീസിന് മുമ്പാകെ ഹാജരാകും.

വധശ്രമമടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ലിപിക മിത്ര സോമനാഥ് ഭാരതിക്കെതിരായ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനാല്‍ പൊലീസിനെ വെട്ടിച്ച് നടക്കുകയാണ് ഇദ്ദേഹം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് ഭാരതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോമനാഥില്‍ നിന്നും ഗാര്‍ഹികപീഡനവും മാനസികപീഡനവും നേരിടുകയാണെന്നാണ് ലിപിക മിശ്ര തന്റെ പരാതിയില്‍ പറയുന്നു. കോടതികള്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തിനായി വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. കേസില്‍ അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടും സോമനാഥ് ഭാരതി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ എഎപി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു സോമനാഥ് ഭാരതി.

Share this news

Leave a Reply

%d bloggers like this: