കുടിയേറ്റം കരുതലോടെ; ഓസ്‌ട്രേലിയ 16,000 പേരുടെ വിസ തള്ളി

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ സമാധാനപരമായ ഒരു ജീവിതം ആഗ്രഹിച്ച് വിസയ്ക്ക് അപേക്ഷിച്ച വിദേശ രാജ്യക്കാര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് വിസ നിഷേധിച്ചു. പതിനായിരത്തിലധികം വരുന്ന ആളുകളുടേയും അവരുടെ കുടുംബങ്ങളുടേയും മോഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായത്. ഇവര്‍ അപേക്ഷിച്ച ഗ്രൂപ്പ് വിസകള്‍ക്കുള്ള അപേക്ഷകള്‍ നിലനില്ക്കുന്നതല്ലെന്നും അതിനാല്‍ വിസ അനുവദിക്കാന്‍ സാധ്യമല്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഏകദേശം 16,000 ത്തോളം വരുന്ന ആളുകളും അവരുടെ കുടുംബങ്ങളുമാണ് ഗ്രൂപ്പ് വിസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിച്ചിരുന്നത്. പലരും 8 വര്‍ഷത്തോളം വിസയ്ക്കായി കാത്തിരുന്നു. വിസ അപേക്ഷകള്‍ ഒരുപാട് പഴയതാണെന്നും, പുതിയ വിസയ്ക്കായി അപേക്ഷിക്കണമെന്നാണ് വിദേശികള്‍ക്ക് ഏജന്റുമാര്‍ നല്കുന്ന സൂചന. കഴിഞ്ഞ ആഴ്ച വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിസ അപേക്ഷകള്‍ വന്നിരുന്നെങ്കിലും യാതൊരു അന്വേഷണവും കൂടാതെ അസിസ്റ്റന്റ് എമിഗ്രേഷന്‍ മിനിസ്റ്റര്‍ Michaelia Cash ഇതു തള്ളിക്കളയുകയായിരുന്നു. മാല്‍ക്കം ടേണ്‍ബുള്ളിന്റെ മന്ത്രി സഭയില്‍ ഇന്ന് മിനിസ്റ്റര്‍ ഓഫ് എംപ്ലോയ്‌മെന്റ്, മിനിസ്റ്റര്‍ ഓഫ് വിമന്‍ എന്നീ നിലകളിലും Michaelia Cash പ്രവര്‍ത്തിച്ചു വരികയാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ നിലപാടുകളുമായി നിരവധിയാളുകള്‍ രംഗത്തെത്തി. വളരെ ക്രൂരവും, വിചിത്രവുമായ തീരുമാനം എന്നാണ് സര്‍ക്കാരിന്റെ തീരുമാനത്തെ പെര്‍ത്ത് മൈഗ്രഷന്‍ ഏജന്റ് Robert Chelliah വിലയിരുത്തുന്നത്. ഒരൊറ്റ പേനകൊണ്ട് മന്ത്രി നശിപ്പിക്കുന്നത് പല ജീവിതങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷയുമാണെന്ന് ഇയാള്‍ വ്യക്തമാക്കി. നിരവധിയാളുകള്‍ ഈ പ്രതീക്ഷയില്‍ ജീവിതം തളളി നീക്കിയിരുന്നതായും എന്നാല്‍ ഈ അവസാന നിമിഷമല്ലാതെ ഇതിനു മുന്‍പ് വിസ റദ്ദാക്കുന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും അവര്‍ക്ക് സര്‍ക്കാര്‍ നല്കിയിരുന്നില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 22 മുതലാണ് തീരുമാനം നടപ്പില്‍ വരുത്തിയിരിക്കുന്നതായി അറിയിപ്പു ലഭിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍സ് ട്രീബ്യൂണലില്‍ ഇതു സംബന്ധിച്ച കേസ് നിലനില്ക്കുന്നുണ്ടെങ്കിലും വിധി ഇതുവരെയായിട്ടില്ല. 2012 അര്‍ധപാതം മുതലുള്ള പുതിയ വിസ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും, എന്നാല്‍ വിസ അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസയ്ക്ക് അപേക്ഷിച്ച് പണം നഷ്ടമായവര്‍ക്ക് തിരികെ പണം ലഭിക്കുന്നതിനും അപേക്ഷിക്കാന്‍ സാധിക്കും.

Share this news

Leave a Reply

%d bloggers like this: