അധിനിവേശ കാഷ്മീരില്‍ നിന്നു പിന്‍വാങ്ങണം: പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

 

വാഷിംഗ്ടണ്‍: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് അധിനിവേശ കാഷ്മീരില്‍ നിന്നു പിന്‍വാങ്ങണമെന്നു പാക്കിസ്ഥാനോട് ഇന്ത്യയുടെ താക്കീത്. ഭീകരവാദത്തിന്റെ ഇരയല്ല പാക്കിസ്ഥാനെന്നും സ്വന്തം രാഷ്ട്രീയത്തിലൂടെ കലുഷിതമായതാണ് അവരുടെ ഭൂമിയെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദത്തിനു വളമേകുന്ന നിലപാടുകളില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറണം. സ്വയം വരുത്തിവച്ച പ്രശ്‌നങ്ങള്‍ക്ക് അയല്‍ രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും വികാസ് സ്വരൂപ് തുറന്നടിച്ചു. കാഷ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതില്‍ യുഎന്നിനു വീഴ്ചപറ്റിയെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞതിനുള്ള മറുപടിയായാണ് വികാസ് സ്വരൂപിന്റെ ട്വീറ്റ്.

സീയാച്ചിനില്‍നിന്ന് സേനയെ പിന്‍വലിക്കുക, കാഷ്മീരിനെ സൈനികമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഷെരീഫ് ഉന്നയിച്ചിരുന്നു. കാഷ്മീരികളുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഷ്മീരിനെ സൈനിക മുക്തമാക്കുന്നതല്ല, പാക്കിസ്ഥാനെ തീവ്രവാദ മുക്തമാക്കുകയാണ് പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള വഴിയെന്ന് ഇന്ത്യ തിരിച്ചടിച്ചു. അധിനിവേശം അവസാനിപ്പിച്ച് അധിവിനേശ കാഷ്മീരില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങണം. കാഷ്മീരില്‍ അധിനിവേശം ഉണ്ടെന്ന് ഷരീഫ് പറഞ്ഞതു ശരിയാണ്. ആരാണ് അധിനിവേശം നടത്തിയിരിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാം. പാക് അസ്ഥിരതയ്ക്ക് കാരണം ഇന്ത്യയല്ലെന്നും സ്വരൂപ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: