വെള്ളാപ്പള്ളി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി,അധികാരം ഉള്ളവരെ കാണുമെന്ന് വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു.

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ശുഭകരവും സന്തോഷകരവുമെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഹിന്ദു സമുദായത്തിന് സഹായം ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കണ്ടത്. സംവരണ പ്രശ്‌നത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ തുടങ്ങാനുള്ള ആവശ്യം പ്രധാനമന്ത്രിക്കു മുമ്പില്‍ അവതരിപ്പിച്ചു. ഭൂപരിഷ്‌ക്കരണം മൂലം ഭവനം നഷ്ടപ്പെടവര്‍ക്ക് ഭവനം നല്‍കാനുള്ള പദ്ധതി, എല്ലാവര്‍ക്കു വീട് എന്ന ആശയം നടപ്പിലാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിയെ അറിയിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു.

അധികാരം ഉള്ളവര്‍ ആരായാലും അവരെ വന്നു കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുമോ എന്ന് പറയാനാവില്ല. ആരും ഇതുവരെ ഒരു ഓഫറും തന്നിട്ടില്ലെന്നും തനിക്ക് ഒരിക്കലും പാര്‍ലമെന്ററി മോഹം ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും താനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഗുരുദേവ ദര്‍ശനം അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: