നയന്‍താര സെഗാളിന് പിന്തുണ പ്രഖ്യാപിച്ച് അശോക് വാജ്പയിയും സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചേല്‍പ്പിക്കുന്നു

 

ന്യൂഡല്‍ഹി: എഴുത്തുകാരി നയന്‍താര സെഗാളിന് പിന്തുണ പ്രഖ്യാപിച്ച് സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചേല്‍പ്പിക്കുമെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ അശോക് വാജ്പയി. നയന്‍ താരയെപ്പോലുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണിത്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മുന്നില്‍ വാചാലനാകുന്ന പ്രധാനമന്ത്രി നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ മൗനം തുടരുകയാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാരാവട്ടെ വിവാദ പ്രസ്താവനകളും നടത്തുന്നു. സമൂഹത്തിന്റെ നാനാത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി എന്തുകൊണ്ടാണ് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. എഴുത്തുകാര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കേന്ദ്രസാഹിത്യ അക്കാദമി പുലര്‍ത്തുന്ന മൗനത്തേയും അദ്ദേഹം വിമര്‍ശിച്ചു.

1994 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ വാജ്പയി 2008 മുതല്‍ 2011 വരെ ലളിത കലാ അക്കാദമി ചെയര്‍മാനായിരുന്നു. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി, മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ വൈസ് ചാന്‍സലര്‍, ഭാരത് ഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ് ട്രസ്റ്റീ സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരിയും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളും നെഹ്രുവിന്റെ മരുമകളുമായ നയന്‍താര സെഗാള്‍ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചേല്പിച്ചത്. വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ മരിച്ചവര്‍ക്കും വിയോജിച്ചതിന്റെ പേരില്‍ ഭീതിയില്‍ കഴിയുന്നവര്‍ക്കും വിയോജിക്കുന്നവര്‍ക്കും വേണ്ടിയാണ് താന്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് ‘അണ്‍മേക്കിങ് ഇന്ത്യ’ എന്ന തലക്കെട്ടില്‍ എഴുതിയ വിശദീകരണക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനം കുറ്റകരമാണ്. മോദി രാജ്യത്തെ പിന്നോട്ടാണ് നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു. രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യത്തെ സംരക്ഷിക്കുന്നതിലും ഹിന്ദുത്വ അജന്‍ഡയോട് വിയോജിക്കുന്നവരെ സംരക്ഷിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ ആരോപിച്ചു. വിയോജിപ്പ് പ്രകടിപ്പിക്കാമെന്നുള്ളത് ഭരണഘടനയിലെ മൗലികാവകാശമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

88 കാരിയായ നയന്‍താരയ്ക്ക് 1986 ലാണ് പുരസ്‌കാരം ലഭിച്ചത്. മുമ്പ് ഹിന്ദി സാഹിത്യകാരന്‍ ഉദയ് പ്രകാശും അക്കാദമി പുരസ്‌ക്കാരം തിരിച്ചേല്‍പ്പിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: