സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ വിഷയമാക്കുന്ന നിലം-ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

വഴിയോരത്തും പൊതുസ്ഥലങ്ങളിലും നിന്ന് ഒരു നാണവുമില്ലാതെ മൂത്ര വിസര്‍ജനം നടത്തുന്ന പുരുഷന്മാരെ നാം സ്ഥിരം കാണാറുണ്ട്. റോഡ് വക്കില്‍, ഇടുങ്ങിയ സ്ഥലങ്ങളില്‍, ഇരുണ്ട സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവര്‍ കാര്യം സാധിക്കും. എന്നാല്‍ സ്ത്രീകളുടെ കാര്യമോ.

വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ തിരികെ വീട്ടിലെത്തേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്ക്. ഹോട്ടലിലോ മറ്റോ കയറാമെന്നു വെച്ചാല്‍ ദുര്‍ഗന്ധം കൊണ്ട് അവിടേക്ക് അടുക്കാനാകാത്ത സ്ഥിതിയും. അതിവേഗ വികസനവും മെട്രോ റെയില്‍ പദ്ധതികളും മുദ്രാവാക്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ കോര്‍പ്പറേഷന്‍ നഗരസഭ ഭരണാധികാരികളോ ഇക്കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടു വരുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് 50% സംവരണമേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.

പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തങ്ങളില്‍ ധാരാളം വനിത ഭരണാധികാരികള്‍ അഞ്ചു വര്‍ഷം ഭരിച്ചെങ്കിലും സ്ത്രീകളുടെ ഈ അടിസ്ഥാന പ്രശ്‌നത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല. സ്ത്രീകള്‍ ഭരിക്കുന്ന കേരളത്തിലെ എത്ര തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ സഥാപിച്ചിട്ടുണ്ട് എന്നു നോക്കുന്നത് നന്നായിരിക്കും. തിരക്കേറിയ നഗരങ്ങള്‍ മുതല്‍ ചെറു ഗ്രാമങ്ങള്‍ വരെ ഇക്കാര്യത്തില്‍ സമാനമാണ്.

വിദ്യാര്‍ഥിയായ തന്റെ മകള്‍ക്ക് സ്‌കൂളില്‍ പോകുമ്പോള്‍ കുടിക്കാന്‍ പകുതി കുപ്പി വെള്ളം മാത്രം നല്‍കുന്ന അമ്മയുടെ ആധി ഈ സമൂഹത്തിന്റേതു കൂടിയാണ്. വിനീത് ചാക്യാര്‍ സംവിധാനം ചെയ്ത് സജിത മഠത്തില്‍ മുഖ്യവേഷത്തിലഭിനയിച്ചിരിക്കുന്ന നിലം എന്ന ഹ്രസ്വ ചിത്രം സ്ത്രീകള്‍ക്കായുള്ള ടോയ്‌ലെറ്റ് എന്ന ആശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ തൃണവത്ഗണിക്കുന്ന നയ സമീപനങ്ങള്‍ക്കുള്ള കടുത്ത വിമര്‍ശനം കൂടിയാണ് ഈ കൊച്ചു ചിത്രം.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: