ഐറിഷ് ബജറ്റ് ഇന്ന്, യൂണിവേഴ്‌സല്‍ ചാര്‍ജ്ജില്‍ മാറ്റം വന്നേക്കും

 

ഡബ്ലിന്‍: ഐറിഷ് ബജറ്റ് ഇന്ന്. ഉച്ചയ്ക്ക് 2.15 ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഉദാരമായ ബജറ്റായിരിക്കും നൂനന്‍ അവതരിപ്പിക്കുകയെന്നാണ് സൂചനകള്‍. ജനങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2009 ല്‍ ഇല്ലാതാക്കിയ ക്രിസ്തുമസ് ബോണസ് 75 ശതമാനം പുനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഒരാള്‍ക്ക് 173 യൂറോയും ദമ്പതിമാര്‍ക്ക് 327 യൂറോയും ലഭിക്കും. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് ബോണസ് ഭാഗികമായി പുനസ്ഥാപിച്ചതിന്റെ തുടര്‍ച്ചയാണിത്.

20 സിഗരറ്റുള്ള ഒരു പാക്കറ്റ് സിഗരറ്റിന്റെ എക്‌സൈസ് തീരുവ  50 സെന്റ് ഉയര്‍ത്തും. ജനുവരി മുതല്‍ ഫ്യൂവല്‍ അലവന്‍സില്‍ 2.50 യൂറോയുടെ വര്‍ധന വരുത്തും. അതായത് 20 യൂറോ ആയിരുന്ന അലവന്‍സ് 22.50 യൂറോയാകും. 380,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെയര്‍ ഗ്രാന്റ് പൂര്‍ണമായും പുനസ്ഥാപിക്കും. ഭവനമേഖലയ്ക്കായി 120 മില്യണ്‍ യൂറോ നീക്കിവെയ്ക്കും. രണ്ടാഴ്ച ശമ്പളത്തോടു കൂടിയ പറ്റേണിറ്റി ലീവ്, കമ്മ്യൂണിറ്റി ചൈല്‍ഡ് കെയര്‍ ധനസഹായം വിപുലമാക്കുന്നതിനൊപ്പം മൂന്നുവയസിനുമുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രീ-സ്‌കൂള്‍ നടപ്പാക്കും. യൂണിവേഴ്‌സല്‍ ചാര്‍ജ്ജിന്റെ നിലവിലുള്ള ബാന്‍ഡ് 12000 യൂറോ ആണ്. ഇത് 13,000 യൂറോയായി ഉയര്‍ത്തും. ഇതിലൂടെ 90,000 പേര്‍ നികുതിയില്‍ നിന്ന് ഒഴിവാകും.

മൈക്കിള്‍ നൂനന്‍ പാര്‍ലലമെന്റിനെ അഭിസംബോധന ചെയ്ത ശേഷം 3 മണിയോടെ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൗളിന്‍ പാര്‍ലമെന്റിനെ അഭിസംബോദന ചെയ്യും.
-എജെ-

Share this news

Leave a Reply

%d bloggers like this: