ഭക്ഷണ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദാദ്രി സംഭവം അതീവ ഗൗരവമുള്ളത്, ശിവസേനയുടെ കരിഓയില്‍ പ്രയോഗം അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനം

 

ഡല്‍ഹി: ഭക്ഷണ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും എന്നാല്‍, ബീഫ് കഴിക്കുന്നത് വിലക്കുന്നത് മനുഷ്യാവകാശ ലംഘനമാണോയെന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീര്‍പ്പുകല്‍പിക്കാനാവില്ലെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്. ബീഫ് വിലക്ക് സംബന്ധിച്ച പ്രശ്‌നം കമ്മീഷന്‍ ചര്‍ച്ചചെയ്ത് നിലപാട് രൂപപ്പെടുത്തിയിട്ടില്ല. പ്രശ്‌നം സങ്കീര്‍ണമാണ്. എല്ലാ വാദങ്ങളും പരിശോധിച്ചുവേണം നിലപാട് രൂപപ്പെടുത്താനെന്നും ഉത്തരവാദിത്ത ബോധത്തോടെയും പക്വതയോടെയും ഇടപെടേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന ദാദ്രി സംഭവം അതീവ ഗൗരവമുള്ളതാണ്. എന്നാല്‍, കേസില്‍ കമ്മീഷന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. കാരണം, ന്യൂനപക്ഷ കമീഷന്‍ ഇടപെട്ടിട്ടുള്ളതിനാല്‍ മനുഷ്യാവകാശ കമീഷന് ഇപ്പോള്‍ ഇടപെടുന്നതിന് നിയമപരമായ സാങ്കേതിക തടസ്സമുണ്ട്. മുംബൈയില്‍ പുസ്തക പ്രകാശന ചടങ്ങ് തടയാന്‍ സംഘാടകന് നേരെ കരിഓയില്‍ പ്രയോഗിച്ച ശിവസേനയുടെ നടപടി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്.

മുംബൈയില്‍ പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി വിലക്കിയതും സമാനമാണ്. ഇത്തരം സംഭവങ്ങള്‍ക്കുനേരെ കമ്മീഷന്‍ കണ്ണടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാരന്‍ കല്‍ബുര്‍ഗി വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് കേസ് കമീഷന്റെ മുന്നില്‍ വന്നിട്ടില്ലെന്നായിരുന്നു മറുപടി. അതേസമയം, ഹിന്ദുത്വഗ്രൂപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാറില്‍നിന്ന് വിശദീകരണം തേടിയെന്നും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും സിറിയക് ജോസഫ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: