വിസ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പു നടത്തിയ ആളുടെ വീടും സ്ഥലവും കയ്യേറി

കോട്ടയം: വിസ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പു നടത്തിയ ആളുടെ വീടും സ്ഥലവും കയ്യേറി. കോട്ടയം ആര്‍പ്പൂക്കരയില്‍ നടന്ന സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നതായി പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.
ആര്‍പ്പൂക്കര തൊമ്മന്‍ കവലയില്‍ താമസിക്കുന്ന സത്യനെന്നയാളാണ് തട്ടിപ്പുനടത്തി മുങ്ങിയത്. സത്യനെ അന്വേഷിച്ച് പണം നല്‍കിയവര്‍ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

തങ്ങള്‍ കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ഇടപാടുകാര്‍ സത്യന്റെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് ഇവിടെ താമസം ആരംഭിക്കുകയായിരുന്നു.ലണ്ടനിലെ ഒരു ട്രസ്റ്റിന്റെ മറവില്‍ 43 പേരില്‍നിന്നായി ഇയാള്‍ മൂന്നു കോടിയോളം രൂപ തട്ടിയതായാണ് ആരോപണം. രണ്ടര ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. തട്ടിപ്പ് പുറത്താകുമെന്ന് തിരിച്ചറിഞ്ഞ സത്യനും കുടുംബവും വീടുപേക്ഷിച്ച് മുങ്ങിയിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായി.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ ഒരു തീര്‍പ്പ് ഉണ്ടാകുന്നതുവരെ സത്യന്റെ വീട്ടില്‍തന്നെ താമസിക്കാനാണ് പരാതിക്കാരുടെ തീരുമാനം. ആളൊഴിഞ്ഞ വീട്ടില്‍ പരാതിക്കാരായ പതിനഞ്ചോളം പേര്‍ ഇതിനകം പാചകവും താമസവും തുടങ്ങിക്കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: