ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഐറിഷ് സര്‍ക്കാര്‍ കുറച്ചപ്പോള്‍ ഇന്ത്യയില്‍ വന്‍ വര്‍ധന

ഡബ്ലിന്‍: കഴിഞ്ഞ ആറുമാസക്കാലയളവില്‍ ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഐറിഷ് സര്‍ക്കാര്‍ ശേഖരിക്കുന്നതില്‍ കുറവ് വന്നെന്ന് കണക്കുകള്‍. 2015 ജനുവരി മുതല്‍ ജൂണ്‍ വരെ 20 പേരുടെ വിവരങ്ങളാണ് ഐറിഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

2014 ലെ അവസാന ആറുമാസക്കാലയളവില്‍ ല്‍ 34 പേരുടെ വിവരങ്ങളാണ് ഐറിഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 2014 ആദ്യ ആറുമാസ്ത്തില്‍ 54 പേരുടെ വിവരങ്ങളും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഐറിഷ് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ നിന്ന് ശേഖരിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും ആഗോളതലത്തില്‍ ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 17,577 പേരുടെ വിവരങ്ങള്‍ അമേരിക്ക ശേഖരിച്ചപ്പോള്‍ 5115 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.

കണ്ടന്റ് റിക്വസ്റ്റിനുള്ള അപേക്ഷ 18 ശതമാനം വര്‍ധിച്ചപ്പോള്‍ കണ്ടന്റ് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ 118 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

അതേസമയം ഫേസ്ബുക്കില്‍ നിന്ന് പ്രാദേശികമായി നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഫെയ്‌സ്ബുക്ക് ഏറ്റവും അധികം കണ്ടന്റുകള്‍ നീക്കം ചെയ്തത് ഇന്ത്യയില്‍നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന അപേക്ഷ പരിഗണിച്ചാണ് ഫെയ്‌സ്ബുക്ക് കണ്ടന്റുകള്‍ സൈറ്റില്‍നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനം കൈക്കൊള്ളുന്നത്. ഇന്ത്യ ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 15,155 കണ്ടന്റുകള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കം ചെയ്യിപ്പിച്ചിട്ടുണ്ട്. 2014ന്റെ രണ്ടാം പകുതിയുമായി താരതമ്യം ചെയ്താല്‍ മൂന്നിരട്ടിയുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന കണ്ടന്റ് ടെയ്ക്ക് ഡൗണ്‍ റിക്വസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായെന്ന് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇത്തരത്തിലുള്ള 5832 അപേക്ഷകയിരുന്നു ഇന്ത്യയില്‍ ഫേസ്ബുക്കിന് ലഭിച്ചത്. ഇതാണ് ഈ വര്‍ഷം മൂന്നിരട്ടിയിലധികമായി വര്‍ദ്ധിച്ചത്. തുര്‍ക്കിയാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് പിന്നില്‍. 4,496 അപേക്ഷകളാണ് തുര്‍ക്കി സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

ലോകത്താകമാനം ഉള്ളടക്കത്തിന് മേല്‍ സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി ഫേസ്ബുക്ക് വെളിപ്പെടുത്തുന്നു. 2014ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 112 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്. 20,268 പോസ്റ്റുകള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സ്വമേധയാ ഫേസ്ബുക്ക് നീക്കം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആകെ 41,214 കണ്ടന്റുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപേക്ഷയുടെ ഫലമായി നീക്കം ചെയ്തിട്ടുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നാണ് കണ്ടന്റ് ടെയ്ക്ക് ഡൗണ്‍ റിക്വസ്റ്റുകളുടെ ഏറിയ പങ്കും വരുന്നത്. ഏറ്റവും കൂടുതല്‍ റിക്വസ്റ്റുകള്‍ വരുന്നത് യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളില്‍നിന്നാണ്.

വിവിധ സര്‍ക്കാരുകള്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് വിവരശേഖരണം നടത്തുന്നുണ്ടെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന കണ്ടന്റ് ടെയ്ക്ക് ഡൗണ്‍ റിക്വസ്റ്റുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സര്‍ക്കാര്‍ നടപടികളില്‍ തങ്ങള്‍ പങ്കാളികളല്ലെന്നും തങ്ങളുടെ പ്രവര്‍ത്തികള്‍ സുതാര്യമാണെന്നും ബോധിപ്പിക്കുന്നതിനാണ് കമ്പനികളുടെ ശ്രമം.

Share this news

Leave a Reply

%d bloggers like this: