ഫ്രാന്‍സ് ഭീകരാക്രമണം…തീവ്രവാദിയായ സ്ത്രീ കൊല്ലപ്പെട്ടതായി സംശയം

പാരിസ് : ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണത്തിനുശേഷം സാന്‍ ദെനിയില്‍ പൊലീസ് റെയ്ഡ് നടന്ന ഫ്‌ലാറ്റില്‍ നിന്നും മൂന്നാമത്തെ മൃതദേഹം കണ്ടെത്തി. ഇവിടെ പൊലീസും ഭീകരരും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവിടെ നിന്നും ലഭിച്ച പാസ്‌പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച വനിത ചാവേര്‍ ഹസ്‌ന അയിറ്റ് ബൗലാസെ ആണെന്നാണ് സൂചന. ഒരു ഹാന്‍ഡ് ബാഗും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച നടന്ന റെയ്ഡിനിടെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ഭീകരനെ വധിച്ചതായി ഫ്രഞ്ച് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബെല്‍ജിയം പൗരനായ അബ്ദല്‍ ഹമീദ് അബാ ഔദ് എന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ പാരിസിലെ സാന്‍ ദെനിയില്‍ കഴിഞ്ഞദിവസം പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടെന്നാണു സ്ഥിരീകരണം. വിരലടയാള പരിശോധനയിലാണ്, കൊല്ലപ്പെട്ടത് 28 വയസ്സുള്ള അബാ ഔദ് തന്നെയെന്നു വ്യക്തമായത്.

സാന്‍ ദെനിയില്‍ പൊലിസ് റെയ്ഡ് നടന്ന അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് അസംഖ്യം വെടിയുണ്ടകള്‍ തുളച്ച മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഫ്രഞ്ച് സുരക്ഷാസേന തകര്‍ത്ത ആറു ഭീകരാക്രമണ പദ്ധതികളില്‍ നാലിലും അബാ ഔദിനു പങ്കുണ്ടായിരുന്നെന്ന് ആഭ്യന്തരമന്ത്രി ബര്‍നാഡ് കസനവ് അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: