ആമിര്‍ ഖാനുണ്ടായ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് എ.ആര്‍.റഹ്മാന്‍

മുംബൈ: ആമിര്‍ ഖാന്‍ നേരിടേണ്ടി വന്ന അതേ സാഹചര്യം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് ഓസ്‌കര്‍ ജേതാവും സംഗീത സംവിധായകനുമായ എ.ആര്‍.റഹ്മാന്‍. ഗോവയില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് റഹ്മാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇറാനിയന്‍ ചിത്രമായ മുഹമ്മദ് മെസഞ്ചര്‍ ഓഫ് ഗോഡിനു സംഗീത സംവിധാനം നിര്‍വഹിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ റാസ അക്കാഡമി തനിക്കെതിരേ ഫത്‌വ പുറപ്പെടുവിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പേര് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പരിഷ്‌കൃത സമൂഹത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. ജനങ്ങള്‍ അക്രമാസക്തരാകരുതെന്നും അദ്ദേഹം പറഞ്ഞു.

അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഈ രാജ്യത്തുനിന്നു മറ്റെവിടേക്കെങ്കിലും പോകേണ്ടിവരുമോ എന്നുപോലും തന്റെ ഭാര്യ കിരണ്‍ റാവു സംശയത്തോടെ ചോദിച്ചതായി നടന്‍ ആമിര്‍ ഖാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തു വിഭാഗീയതയും അസഹിഷ്ണുതയും അനിയന്ത്രിതമായി വര്‍ധിക്കുന്നുവെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആമിറിനെ അനുകൂലിച്ചു പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് റഹ്മാന്റെ അഭിപ്രായ പ്രകടനം.
-എജെ-

Share this news

Leave a Reply

%d bloggers like this: