ബ്യൂമണ്ട് ഹോസ്പിറ്റലിലെ അവസ്ഥ അതീവ ഗുരുതരം; ഡിസംബര്‍ 16ന് വര്‍ക്ക്-ടു-റൂള്‍ പ്രതിഷേധസമരം

 

ഡബ്ലിന്‍: ബ്യൂമണ്ട് ഹോസ്പിറ്റലിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഇന്‍ഡ്ട്രിയല്‍ റിലേഷന്‍ ഓഫീസര്‍ ലോറെയ്ന്‍ മൊനഗന്‍ പറഞ്ഞു. മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അവസ്ഥ വളരെ ഗൗരവമേറിയതാണെന്നും ജീവനക്കാരുടെ എണ്ണവും അപകടകരമായ നിലയില്‍ കുറവാണെന്നും മൊനഗന്‍ പറഞ്ഞു. ഈ അവസ്ഥയില്‍ രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിക്കില്ലെന്നും അവര്‍ സമരനടപടികളിലേക്ക് നീങ്ങുന്നതില്‍ അതിശയിക്കാനില്ലെന്നും മോനഗന്‍ പറഞ്ഞു.

INMO യിലെ 92 ശതമാനം അംഗങ്ങളും എമര്‍ജന്‍സി വിഭാഗത്തിലെ അനിയന്ത്രിതമായ തിരക്കിനെതിരെ സമരം നടത്തുന്നതിനനുകൂലമായി കഴിഞ്ഞ ദിവസം വോട്ട് ചെയ്തിരുന്നു.

ഡിസംബര്‍ 16 ന് മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വര്‍ക്ക്-ടു-റൂള്‍ സമരം നടക്കും. അന്നേ ദിവസം നഴ്‌സുമാര്‍ ക്ലറിക്കല്‍ ജോലികളില്‍ നിന്നും അഡിമിനിസ്‌ട്രേറ്റീവ് ജോലികളില്‍ നിന്നും വിട്ടുനില്‍ക്കും. നിലവിലെ സാഹചര്യത്തില്‍ രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാനാവില്ലെന്ന് തങ്ങളുടെ അംഗങ്ങള്‍ പറയുന്നുവെന്ന് മോനഗന്‍ വ്യക്തമാക്കി. ഈ വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പലതവണപെടുത്തിയെങ്കിലും അവസ്ഥ വളരെ മോശമായിരിക്കുകയാണ്. നിരവധി നഴ്‌സുമാരും അമിതജോലി ഭാരം കാരണം ജോലി രാജിവെച്ച് പോയിക്കഴിഞ്ഞുവെന്നും നഴ്‌സുമാര്‍ പറയുന്നു.

ഐഎന്‍എഒ നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെ ഫലവും സമരം ചെയ്യാനുള്ള തീരുമാനങ്ങളും ശ്രദ്ധയില്‍പെട്ടുവെന്നാണ് ബ്യൂമണ്ട് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പറയുന്നത്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ബ്യൂമണ്ട് ഹോസ്പിറ്റല്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: