കശ്മീരില്‍ ആക്രമണത്തിന് ഐഎസ്ഐ നീക്കം നടത്തുന്നു

ന്യൂഡല്‍ഹി:  കശ്മീരില്‍ ആക്രമണം നടത്താന്‍ നിയന്ത്രണ രേഖയ്ക്കടുത്തു 30 ഭീകരരെ ഐഎസ്‌ഐയുടെ ആസൂത്രണപ്രകാരം എത്തിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐഎസ്‌ഐയുടെ നിയന്ത്രണത്തില്‍ പെഷാവറില്‍ നിന്നാണു ഭീകരരെ എത്തിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ ഒരു മാസത്തിനുള്ളില്‍ ആക്രമണം നടത്താനാണ് ഐഎസ്‌ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം.

മഞ്ഞുവീഴ്ച മൂലം വഴി അടയുമെന്നതിനാല്‍ അതിനു മുന്‍പ് ആക്രമണം നടത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദി ഗ്രൂപ്പുകളുടെ യോഗം പാക്ക് അധീന കശ്മീരില്‍ ഐഎസ്‌ഐ വിളിച്ചുചേര്‍ത്തിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ആക്രമണം നടത്താന്‍ അവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ മൂന്നു തീവ്രവാദി ഗ്രൂപ്പുകളും വേണമെന്നതാണു പാക്ക് ഇന്റലിജന്‍സിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് ഐഎസ്‌ഐയോട് ഇടഞ്ഞുനിന്നിരുന്ന ജെയ്‌ഷെ മുഹമ്മദ് ബന്ധം പുനസ്ഥാപിച്ചു.

നിയന്ത്രണ രേഖയ്ക്കു സമീപം ടങ്ധറിലെ സൈനിക ക്യാംപില്‍ കഴിഞ്ഞദിവസം ആക്രമണം നടത്തിയ മൂന്നു ഭീകരരും പാക്ക് ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ് അംഗങ്ങളായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: