ഇന്ത്യയെന്ന ഒറ്റമതവും ഭരണഘടനയെന്ന ഒറ്റമതഗ്രന്ഥമേ ഉള്ളൂവെന്നും മോദി

ന്യൂഡല്‍ഹി: ഇന്ത്യ എന്ന ഒറ്റ മതമേ തന്റെ സര്‍ക്കാരിനുള്ളുവെന്നും ഏക മതഗ്രന്ഥം ഭരണഘടനയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ ഭരണഘടനാ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.  ഭരണഘടന അനുസരിച്ച് മാത്രമെ രാജ്യം ഭരിക്കാന്‍ കഴിയു. ഭരണഘടനാ ചര്‍ച്ചയുടെ സത്ത നീ അല്ലങ്കില്‍ ഞാന്‍ എന്നല്ല നമ്മള്‍ എന്നതാവണം. വൈവിധ്യം നിറഞ്ഞ ഇന്ത്യ പോലുള്ള രാജ്യത്ത് ഭരണഘടനയാണ് നമ്മളെ ഒരുമിച്ച് നിര്‍ത്തുന്നത്. അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും എല്ലാവരും ബോധവാന്മാരകണമെന്നും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു.

ഇന്ത്യയുടെ പുരോഗതിക്ക് എല്ലാ പ്രധാനമന്ത്രിമാരും സംഭാവന നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷമുണ്ടെന്നു കരുതി ഞങ്ങളുടെ താല്‍പര്യങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിക്കാനാവില്ല. ജനാധിപത്യത്തില്‍ സമവായമാണ് ഏറ്റവും വലിയ ശക്തി. രാജകുമാരന്മാരോ രാജാക്കന്മാരോ അല്ല കര്‍ഷകരും പാവപ്പെട്ടവരുമായ ജനങ്ങളാണ് ഇന്ത്യയെ കെട്ടിപ്പടുത്തതെന്നും ജനാധിപത്യത്തില്‍ അവനവന് പുറമെ സമൂഹത്തിന്റേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് മാന്യതയും ഇന്ത്യയ്ക്ക് ഐക്യവും എന്നതാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത് ഇന്ത്യപോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് ഒരു ഭരണഘടനയുണ്ടാക്കുകയെന്നത് ഏറെ വിഷമം പിടിച്ചതായിരിക്കണം. ഭരണഘടനാ ശില്‍പിയായ ബാബാ സാഹെബ് അംബ്ദേക്കറുടെ ചിന്തകളും പഠനങ്ങളും സത്യവും കാലാതീതവും എല്ലാ തലമുറയ്ക്കും പ്രയോജനകരവുമാണ്.
സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടി വരുമ്പോഴോ സ്വയം പ്രതിരോധിക്കേണ്ടി വരുമ്പോഴോ എല്ലാവരും അംബ്ദേക്കറെ ഉദ്ധരിക്കുന്നു. തന്റെ ജീവിതകാലത്ത് പലതരത്തിലുള്ള അപമാനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നുവെങ്കിലും അംബ്ദേക്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ അതൊന്നും പ്രതിഫലിച്ചില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം.

ഭരണഘടന സര്‍ക്കാരുകള്‍ പിന്തുടരേണ്ട ഒരു രേഖ മാത്രമാകുമ്പോള്‍ ജനാധിപത്യം ശോഷിക്കും. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതുകൊണ്ട് ജനവരി 26 ന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഭരണഘടനയെക്കുറിച്ച് നടന്ന ചര്‍ച്ച ഫലപ്രദമാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ച ഏവര്‍ക്കും നന്ദി പറയുന്നു. എല്ലാക്കാര്യത്തിനും പ്രധാനമന്ത്രി മറുപടി പറയണമെന്ന ദുശാഠ്യം ചിലര്‍ക്കുണ്ട്. എന്നാല്‍ എല്ലാവരും സംസാരിച്ചതുപോലെ എന്റെ കാഴ്ചപ്പാടുകള്‍ ഇവിടെ പറയുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: