വിഴിഞ്ഞം തുറമുഖ പദ്ധതി:സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കരുതെന്ന നിലപാട് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. അതേസമയം എന്ത് വില കൊടുത്തും സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനു ശേഷം പറഞ്ഞു. പദ്ധതി ഇനി വൈകിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം തന്നെ സുതാര്യമായിരിക്കണം, സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്. അതിനോട് സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട രേഖകളും നല്‍കി. എന്നാല്‍, ഇന്ന് മറ്റ് ചില രേഖകള്‍ പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ രേഖകള്‍ കരാര്‍ ഒപ്പിട്ട ശേഷം മാത്രമെ നല്‍കാനാവു എന്ന് പ്രതിപക്ഷത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി അദാനി ഗ്രൂപ്പ് അടക്കം മൂന്ന് കന്പനികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദാനിക്ക് പദ്ധതി നല്‍കാന്‍ തീരുമാനിച്ചത്. അദാനിക്ക് നല്‍കുന്നത് തുറമുഖ ലൈസന്‍സ് മാത്രമാണ്. ഒരിഞ്ചു ഭൂമി പോലും അവര്‍ക്ക് നല്‍കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഭേദമാണ് ഇപ്പോഴത്തെ വ്യവസ്ഥകള്‍. പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ സര്‍ക്കാര്‍ ദൂരീകരിക്കും. പദ്ധതി നടപ്പാക്കരുതെന്ന് എന്ന് പറയുന്നതിനോട് യോജിപ്പില്ല. അതേസമയം, പദ്ധതിക്ക് കാലതാമസം ഉണ്ടാവരുതെന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this news
%d bloggers like this: