ദുരന്ത ഭൂമിയിലേക്കിറങ്ങി താര ലോകം…

കൊച്ചി: ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിനിമാ താരങ്ങളില്‍ നിന്നുള്ള സഹായ ഹസ്തങ്ങള്‍ കൂടുതല്‍ വിശാലമാകുന്നു. സഹായവുമായി ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങുന്ന സിനിമാക്കാരുടെ എണ്ണം കൂടുകയാണ്. നവമാധ്യമങ്ങളില്‍ ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന ആഷിക് അബു സഹായവുമായി ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങൂകയാണ്.

ഇക്കാര്യത്തിനായി താരം ഫേസ്ബുക്ക് വഴി ജനങ്ങളുമായി ബന്ധപ്പെട്ടു. അവശ്യസാധനങ്ങളുമായി കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോകാനാണ് ആഷിക് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ തീരുമാനം. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളുടെ പട്ടികയും ആഷിക് നല്‍കിയിട്ടുണ്ട്. പെട്ടെന്ന് പാകം ചെയ്യാന്‍ പറ്റുന്ന സാധനങ്ങള്‍ വേണം, പക്ഷെ, സാധനങ്ങള്‍ പാകം ചെയ്തു കൊണ്ടു വരണ്ടെന്നും ആഷിക് പറയുന്നുണ്ട്.ഭക്ഷണ സാധനങ്ങള്‍ കൂടാതെ ചൂടു വസ്ത്രങ്ങള്‍, മഴ കോട്ട്, പുതപ്പ്, കമ്പിളി എന്നിവയ്ക്ക് പുറമേ കുട, ആവശ്യമായ മരുന്നുകള്‍, കുടിവെള്ളം തുടങ്ങിയവയും പട്ടികയിലുണ്ട്.. റോഡ് മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ കപ്പല്‍ മാര്‍ഗത്തിലൂടെയോ സാധനങ്ങള്‍ കൊണ്ടു പോകാനാണ് ആഷിക്കും സംഘവും ഉദ്ദേശിക്കുന്നത്.

അതിനിടയില്‍ നടി കനിക ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കിത്തുടങ്ങി. ഇഞ്ചമ്പാക്കത്തെ ഒരു പള്ളിയില്‍ ഭക്ഷണവും വെള്ളവും മെഴുകുതിരികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുമായി അവര്‍ എത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കനിഹ നേരത്തേ വീടു വിട്ടിരുന്നു. നേരത്തെ ചെന്നൈയിലെ തന്റെയും സുഹൃത്തുക്കളുടേയും വീട്ടിലേക്ക് മമ്മൂട്ടി ദുരിതം അനുഭവിക്കുന്നവരെ ക്ഷണിച്ചിരുന്നു. മഞ്ജുവാര്യര്‍ ആദ്യം സഹായവുമായി എത്തി. വിശാലിന്റെ നടികര്‍ സംഘത്തില്‍ താരം സംഭാവന നേരിട്ട് നല്‍കി. ബോളിവുഡ് താരങ്ങളായ അമിതാഭും ഷാരൂഖും സഹായം നല്‍കി.

Share this news

Leave a Reply

%d bloggers like this: