വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ നിന്നു ഇളവ് നല്‍കുമെന്ന് നിതിന്‍ ഗഡ്കരി

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് തറക്കല്ലിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ നിന്നു ഇളവ് നല്‍കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 ദിവസത്തിനികം ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാലു വര്‍ഷമാണു നിര്‍മാണ കാലാവധിയെങ്കിലും സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പദ്ധതിയില്‍ പങ്കാളികളായ അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയെയും മന്ത്രി ബാബുവിനെയും ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നേതാക്കള്‍ പങ്കെടുക്കേണ്ട എന്നായിരുന്നു എല്‍ഡിഎഫ് തീരുമാനം. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ഡീപ്‌വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് സീപോര്‍ട്ട് എന്നു പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7525 കോടി രൂപയാണ്. കേരളം 2280 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ മൂലധനത്തിന് ഉപരിത്തുകയായി 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോര്‍ട്‌സ് ആണു വഹിക്കുക.

സര്‍ക്കാരിന് ഏഴാംവര്‍ഷം മുതല്‍ വരുമാനം ലഭിക്കും. അദാനി ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഒന്‍പതാമത്തെ തുറമുഖമാണു വിഴിഞ്ഞത്തേത്. 22,000 ടിഇയു ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പല്‍ വരെ അടുപ്പിക്കാന്‍ ശേഷിയുള്ള തുറമുഖമാണു നിര്‍മിക്കുന്നത്. ചിങ്ങം ഒന്നിനാണു തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. നവംബര്‍ ഒന്നിനു നിര്‍മാണം തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പു നീണ്ടതോടെ ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: