തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ കൈക്കൂലിയാകുമെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴയില്‍ വിമര്‍ശനങ്ങളുമായി മുന്‍ധനമന്ത്രി കെഎം മാണി രംഗത്ത്. സീസറിന്റെ ഭാര്യ മാത്രമല്ല സീസറും സംശയത്തിന് അതീതനായിരിക്കണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ കൈക്കൂലിയാകുമെന്നും കെഎം മാണി ചോദിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ അത് ബാര്‍ കോഴ കേസില്‍ കൈക്കൂലിയാകുമെന്നും മാണി ചോദിച്ചു.

മന്ത്രി സ്ഥാനത്തേക്ക് തല്‍ക്കാലമില്ല. മനസിലുണ്ടായിരുന്ന ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയായി. തന്റെ അഭാവത്തില്‍ കോടതി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് തനിക്ക് രാജി വയ്‌ക്കേണ്ടി വന്നത് എന്നും മാണി പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഗൂഢാലോചന ഉണ്ടെന്ന വാദത്തില്‍ കെ എം മാണി ഉറച്ചു നിന്നിരുന്നു. ഗൂഢാലോചനാ ബോംബ് പൊട്ടി താന്‍ ഇല്ലാതാകില്ലെന്നും അറിയാവുന്ന കാര്യങ്ങള്‍ വികാരാധീനനായി വിളിച്ചു പറയാന്‍ കഴിയില്ലെന്നും മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ട്ടിക്ക് ആഴത്തില്‍ മുറിവുണ്ടായെന്നാണ് കേരള കോണ്‍ഗ്രസിന്റെ വികാരം. വലിയ ഇഷ്ടവും അനിഷ്ടവും ഇല്ലാതെ യുഡിഎഫില്‍ തുടര്‍ന്നു പോകുന്നുവെന്നും മാണി പറഞ്ഞു.

മന്ത്രി കെ ബാബുവിനെ കുറിച്ചും മാണി പരാമര്‍ശിച്ചു. ബാബുവിനോട് തനിക്ക് അസൂയയില്ല. മറ്റൊരാള്‍ക്ക് നന്മ വരുന്നതില്‍ തനിക്ക് അസൂയയില്ലെന്ന് മാണി പറഞ്ഞു. തുടരന്വേഷണം എത്രയും പെട്ടെന്ന് തീരണമെന്നാണ് ആഗ്രഹം. പരാമര്‍ശം നീങ്ങിക്കിട്ടണമെന്നും താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴ കേസില്‍ തനിക്കെതിരെ വന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കെ എം മാണി നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. തന്റെ വിശദീകരണം കേള്‍ക്കാതെയുള്ള ഹൈക്കോടതി പരാമര്‍ശം വേദനാജനകമെന്ന് കെഎം മാണി പറഞ്ഞു. സത്യം ആത്യന്തികമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: