ചെന്നൈ തിരിച്ചു വരുന്നു

ചെന്നൈ : ഇന്നലെ ആകാശം തെളിഞ്ഞു നിന്നത് ചെന്നൈ നഗരത്തിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതിയില്‍ ജീവിതം തന്നെ കടപുഴകിപ്പോയ ചെന്നൈ നിവാസികള്‍ക്ക് ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. മൂടിക്കെട്ടിയ മഴക്കാറില്‍ നിന്നുമുള്ള മോചനത്തോടെ നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും വെള്ളം ഒഴിഞ്ഞുമാറി തുടങ്ങി. എന്നാല്‍ താംബരത്തിനടുത്ത് ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടു നിലനില്ക്കുന്നുണ്ട്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, വൈദ്യുതി ബന്ധം എന്നിവ പുനസ്ഥാപിക്കാനായി. പ്രളയത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങളാണ് നഗരത്തിന് തലവേദനയായി ഇപ്പോള്‍ നിലനില്ക്കുന്നത്. പലയിടങ്ങളിലായി ഇലക്ട്രോണിക് വസ്തുക്കള്‍, തുണികള്‍, പാത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് പ്രളയജലത്തോടൊപ്പം ഒലിച്ചെത്തിയത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ മാലിന്യക്കൂമ്പാരം പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഭക്ഷണത്തോടൊപ്പം മരുന്ന് വിതരണവും അതിവേഗത്തിലാക്കിയിരിക്കുകയാണ് അധിതൃതര്‍.

മാലിന്യങ്ങള്‍ ഉടനടി മാറ്റിയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിനു കൂടി ചെന്നൈ സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയെങ്കിലും മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടക്കുന്നില്ലെന്നു വിമര്‍ശനമുണ്ട്. ഇതിനിടയില്‍ ചെന്നൈയിലെ വിവിധയിടങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് പനിയും വയറുകടിയും ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രളയക്കെടുതിയില്‍ ശുദ്ധജലം ലഭ്യമല്ലാതിരുന്ന സമയത്ത് മഴവെള്ളത്തെ ആശ്രയിച്ചിരുന്നവര്‍ക്കും പനിയും മറ്റു ദേഹാസ്വാസ്ത്യങ്ങളും ഉണ്ടായതായി സൂചനയുണ്ട്.

പ്രളയത്തില്‍ കുടിലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനായി 10,000 രൂപ സര്‍ക്കാര്‍ നല്കുമെന്ന് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. മറ്റുളളവര്‍ക്ക് 5000 രൂപയും നല്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാടിനു സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് ചെന്നൈയിലെ ബാങ്കുകളും വായ്പയെടുത്തവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കല്‍ ക്യാപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡി

Share this news

Leave a Reply

%d bloggers like this: