കോശത്തിലെത്തുന്ന പഞ്ചസാര തടയുന്നതിലൂടെ എച്ച്ഐവി വ്യാപനം തടയാന്‍ പുതിയ രീതി

ലണ്ടന്‍: എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്മ്യൂണോ ഡഫിഷ്യന്‍സി വൈറസ്) വകവരുത്താന്‍ പുതിയ തന്ത്രങ്ങളുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. പോഷകവിതരണത്തിലെ പഞ്ചസാര തടയുന്നതിലൂടെ എച്ച്.ഐ.വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് അവകാശപ്പെട്ടാണ് ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിതതാത്പര്യം കാണിക്കുന്ന എച്ച്.ഐ.വിയുടെ ദൗര്‍ബല്യം മുതലെടുക്കാമെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ ആന്‍ഡ് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാര്‍ന്നെടുത്താണ് ഇതിന്റെ വളര്‍ച്ചയും വ്യാപനവും. രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകര്‍ഷിക്കുന്ന ഘടകമെന്ന് മനസിലാക്കിയ ഗവേഷകര്‍ പ്രത്യേകമായി നിര്‍മ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തി.

ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവര്‍ വ്യക്തമാക്കി. ഈ സംയുക്തം കാന്‍സറിന്റെ ചികിത്സയ്ക്കും പ്രായോഗികമാവുമെന്ന് പ്രതീക്ഷയിലാണിവര്‍.

Share this news
%d bloggers like this: