ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 31 വരെ, പുതിയ ഫോമില്‍ വിദേശ യാത്രാ വിവരങ്ങള്‍ വേണ്ട

 

ദില്ലി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമുകള്‍ ധനമന്ത്രാലയം പുറത്തിറക്കി. പുതിയ ഫോമില്‍ വിദേശ യാത്രാ വിവരങ്ങളും ബാങ്ക് ബാലന്‍സ് വിവരങ്ങളും പൂര്‍ണമായി നല്‍കണമെന്നില്ല. ഐടിആര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. ആദായ നികുതി റിട്ടേണ്‍ നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ ഫോം ധനമന്ത്രാലയം പുറത്തിറക്കിയത്.

ഐടിആര്‍ 2ഉം, ഐടിആര്‍ 2എയും മൂന്നു പേജുകളിലായാകും പുതിയ ഫോമില്‍. മറ്റു വിവരങ്ങള്‍ ഷെഡ്യൂളുകളില്‍ നല്‍കിയാല്‍ മതിയാകും. വിദേശ യാത്ര, ബാങ്ക് ബാലന്‍സ് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് ഇളവു നല്‍കിയിട്ടുണ്ട്. വിദേശ യാത്ര സംബന്ധിച്ച പൂര്‍ണ വിവരങ്ങളൊന്നും എഴുതേണ്ടതില്ല. പകരം പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ മതിയാകും. ഓരോ ബാങ്ക് അക്കൗണ്ട് ബാലന്‍സും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ എഴുതേണ്ട. പകരം മുഴുവന്‍ അക്കൗണ്ടുകളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയാല്‍ മതി. വിദേശികള്‍ അവരുടെ വിദേശത്തുള്ള സ്വത്തുവകകളുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയിരിക്കണമെന്നുണ്ടായിരുന്ന ക്ലോസ് എടുത്തു മാറ്റി. ഇന്ത്യന്‍ പൗരനല്ലാത്തയാള്‍ ഇന്ത്യയില്‍ ബിസിനസ് നടത്തുകയോ പഠനം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ വിദേശത്തുള്ള സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നില്ല.

ബിസിനസ് സംരംഭങ്ങളില്ലാത്ത മാസശമ്പളക്കാര്‍ എല്ലാ വര്‍ഷവും ജൂലായ് 31നു മുന്‍പുതന്നെ ഐടിആര്‍ 1ഓ, ഐടിആര്‍ 1ഓ സമര്‍പ്പിക്കണം. ആദായ നികുതി ഫോമുകളുടെ പരിഷ്‌കരിച്ച പതിപ്പു കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. 14 പേജുള്ള ഈ ഫോമിനെതിരെ വ്യാപക പരാതി ഉയന്നു. ഇതേത്തുടര്‍ന്നു നികുതി റിട്ടേണ്‍ ഫോം കൂടുതല്‍ ലളിതവും സുതാര്യവുമാക്കുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ധനമന്ത്രാലയം ലളിതമായ പുതിയ ഫോം പുറത്തിറക്കിയത്.
-എജെ-

Share this news
%d bloggers like this: