വാഹന നിയന്ത്രണ ചട്ടം വന്‍ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവള്‍,കേന്ദ്രമന്ത്രിമാരും പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തി

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി നഗരത്തില്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണ ചട്ടം വന്‍ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവള്‍. നിയന്ത്രണത്തോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. അസാധ്യമായതിനെ ജനങ്ങള്‍ പിടിച്ചടക്കി. ഡല്‍ഹി രാജ്യത്തിന് മാതൃകയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഏതാനും കാറുടമകള്‍ ചട്ടം ലംഘിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്. ഏറ്റവും തിരക്കേറിയ സ്ഥലമായ ഐ.ടി.ഒ യിലെത്തിയ ആദ്യ ആള്‍ക്കു മാത്രം പിഴ ചുമത്തി. 2000 രൂപയുടെ ചെലാന്‍ ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നും മറ്റുള്ളവരെയെല്ലാം റോസാ പുഷ്പം നല്‍കി ബോധവത്കരണം നടത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വാഹന നിയന്ത്രണചട്ടത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ഏറെ കൗതുകത്തോടെയും കുറച്ചൊക്കെ ആശങ്കയോടെയുമാണ് രാജ്യം ഉറ്റുനോക്കിയത്. എന്നാല്‍ ഏറ്റെടുത്ത ദൗത്യം വലിയൊരളവുവരെ വിജയിപ്പിച്ച് കാണിക്കാന്‍ കെജ്‌രിവാളിനു കഴിഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം മാതൃകയാകാന്‍ കെജ്‌രിവാളും മന്ത്രിസഭാംഗങ്ങളും തയ്യാറായതും പദ്ധതിയുടെ വിജയത്തിന്റെ പ്രധാന കാരണമാണ്. ഒറ്റ അക്ക നമ്പറാണ് കെജ്‌രിവാളിന്റെ വാഹനത്തിന്റേത്. ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന മറ്റു മന്ത്രിമാരെ തനിക്കൊപ്പം കാറില്‍ ഓഫീസില്‍ എത്തിക്കാന്‍ കെജ്‌രിവാള്‍ ശ്രദ്ധിച്ചു. ടൂറിസം മന്ത്രി കപില്‍ മിശ്ര ബൈക്കിലും പരിസ്ഥിതി മന്ത്രി ഇംമ്രാന്‍ ഹുസൈന്‍ ഓട്ടോ റിക്ഷയിലുമാണ് ഓഫീസില്‍ എത്തിയത്. സാമൂഹ്യക്ഷേമമന്ത്രി സന്ദീപ് കുമാര്‍ ബസിനെയാണ് ആശ്രയിച്ചത്.

അതേസമയം, കേന്ദ്രമന്ത്രിമാരും പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജീവനക്കാര്‍ക്കായി വാഹനം ഏര്‍പ്പെടുത്തി. പദ്ധതി മലിനീകരണം കുറയ്ക്കാന്‍ നിര്‍ണായക ചുവടുവയ്പാണെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: