ടി.പി ശ്രീനിവാസന് മര്‍ദ്ദനം: കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമെന്ന് ഡിജിപി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ടി.പി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കേരള പൊലീസിന്റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും ഡിജിപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടതായിരുന്നു സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ക്കും വീഴ്ച പറ്റി. നിരവധി ക്രിമിനല്‍ കേസുകളിലെ ഒരാള്‍ ടി.പി ശ്രീനിവാസനെ ക്രൂരമായി ആക്രമിച്ചിട്ടും പൊലീസ് തികഞ്ഞ അനാസ്ഥയും നിസംഗതയും പ്രകടിപ്പിച്ച് നോക്കി നില്‍ക്കുന്നതാണ് കാണേണ്ടി വന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപത്തിന് നടപടിയെടുക്കാതിരിക്കണമെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമവേദി ഉപരോധിക്കാന്‍ എത്തിയ എസ്എഫ്‌ഐ പ്രവ്രര്‍ത്തകരാണ് ശ്രീനിവാസനെ കയ്യേറ്റം ചെയ്തത്. ആഗോള വിദ്യാഭ്യാസസംഗമം തടയുമെന്ന് നേരത്തെ എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. പരിപാടിക്കെത്തിയ ടിപി ശ്രീനിവാസന്റെ കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ ടി.പി ശ്രീനിവാസനെ ഇവര്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയെങ്കിലും എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ജെ.എസ്. ശരത്ത് ശ്രീനിവാസന്റെ മുഖത്തടിക്കുകയായിരുന്നു. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ശ്രീനിവാസനെ മര്‍ദ്ദിച്ചതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. മര്‍ദ്ദിച്ച നടപടി ശരിയല്ലെന്നും ഇത്തരം മാര്‍ഗങ്ങളെ പാര്‍ട്ടി അംഗീകരിക്കില്ലെന്നും കോടിയേരി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ അടക്കുമുള്ള നേതാക്കള്‍ പ്രവര്‍ത്തകന്റെ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു.

വിദ്യാഭ്യാസം കച്ചവടവത്ക്കരിച്ചെന്നാരോപിച്ചാണ് ടി പി ശ്രീനിവാസനെതിരെ എസ്എഫ്‌ഐ സമരം പ്രഖ്യാപിച്ചത്.

Share this news

Leave a Reply

%d bloggers like this: