ജൂനിയര്‍ സെര്‍ട്ട് പരിഷ്‌കാരം: ജയിക്കാന്‍ 20 ശതമാനം മാര്‍ക്ക്, സര്‍ക്കുലര്‍ പുറത്തിറക്കി

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ പരിഷ്‌ക്കരിച്ച ജൂനിയര്‍ സെര്‍ട്ട് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ 20 ശതമാനം മാര്‍ക്ക് മതിയാകും. കാണാതെ പഠിച്ച് പരീക്ഷയെഴുതുന്നതിന് പ്രാധാന്യം കുറച്ച് പുതിയരീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതിനായാണ് ജൂനിയര്‍ സെര്‍ട്ടില്‍ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് ടീച്ചേഴ്‌സ് യൂണിയനുകള്‍ക്കും എജ്യുക്കേഷന്‍ പാര്‍ട്‌നര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് 24 പേജുള്ള ഒരു സര്‍ക്കുലര്‍ നല്‍കി. എങ്ങനെയാണ് പരീക്ഷയില്‍ ഗ്രേഡ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പരാഗത രീതി പ്രകാരം നല്‍കി വരുന്ന ഗ്രേഡ് എ, ഗ്രേഡ് ബി എന്നതിന് പകരം ഇനി മുതല്‍ മെറിറ്റ്, ഡിസ്റ്റിംഗ്ഷന്‍ എന്നിങ്ങനെയാകും നല്‍കുക. ഉദാഹരണത്തിന് 90നും 100നും ശതമാനത്തിനിടയില്‍ ഫൈനല്‍ എഴുത്തുപരീക്ഷയ്്ക്ക് മാര്‍ക്ക് ലഭിക്കുന്ന കുട്ടിക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിക്കും.

75-90 ശതമാനത്തിനിടയില്‍ മാര്‍ക്കുള്ള കുട്ടിക്ക് ഹൈയര്‍ മെറിറ്റ്, 55-75 ശതമാനത്തിനിടയില്‍ മെറിറ്റും ലഭിക്കും. 40 ശതമാനത്തിനും 55 ശതമാനത്തിനുമിടയില്‍ മാര്‍ക്കുള്ള കുട്ടിക്ക് അച്ചീവ്ഡ് ഗ്രേഡിംഗ് ആയിരിക്കും. അതേ സമയം പാര്‍ഷ്യലി അച്ചീവ്ഡ് ഗ്രേഡിംഗ് ആയിരിക്കും 20 ശതമാനത്തിനും 40 ശതമാനത്തിനും ഇടയ്ക്ക് മാര്‍ക്ക് നേടുന്ന കുട്ടിക്ക് ലഭിക്കുക.

അടുത്ത വര്‍ഷം ഇംഗ്ലീഷ് വിഷയത്തിലെ ഫൈനല്‍ എഴുത്തുപരീക്ഷക്കായിരിക്കും പരിഷ്‌കാരം ബാധകമാവുക. തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ മറ്റ് പരീക്ഷകളിലേക്കും ഇത് മാറും.

സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: